ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എമിറേറ്റിലെ പുരുഷ സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ദുബൈ മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം പരിശോധന ക്യാമ്പയിൻ നടത്തി. സെപ്റ്റംബറിൽ ആരംഭിച്ച ക്യാമ്പയിനിലൂടെ എമിറേറ്റിലെ 47 ഏരിയകളിലായുള്ള 566 സലൂണുകളിലാണ് പരിശോധന നടത്തിയത്. ആരോഗ്യസുരക്ഷ നിലവാരം പാലിക്കുന്നുണ്ടോ എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
മുനിസിപ്പാലിറ്റിയുടെ സുരക്ഷ മാനദണ്ഡങ്ങൾ എമിറേറ്റിലെ 90 ശതമാനം സലൂണുകളും പാലിക്കുന്നുണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. സലൂണുകളിൽ ആരോഗ്യ സുരക്ഷ നിലവാരം ഉയർത്തുന്നതിന്റെയും വൃത്തിയും അണുവിമുക്തവും ആയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി അണുബാധ ഒഴിവാക്കാനും രോഗപ്പടർച്ച ഇല്ലാതാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ക്യാമ്പയിൻ തുടരുമെന്നും എമിറേറ്റിലെ 2,965 പുരുഷ സലൂണുകളിലും പരിശോധന നടത്താനാണ് പദ്ധതിയെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. സലൂണുകളിലും ബ്യൂട്ടിസെന്ററുകളിലും ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പ്രവണതകൾ കണ്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 800900ൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.