ഷാർജ എമിറേറ്റിൽ രണ്ടിടങ്ങളിൽ കൂടി സ്മാർട്ട് പെയ്ഡ് പാർക്കിങ് സൗകര്യമൊരുക്കി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അൽ ഖാൻ, അൽ നദ് എന്നിവിടങ്ങളിലായാണ് 392 പാർക്കിങ് സ്ലോട്ടുകൾ ഒരുക്കിയത്.
സ്മാർട്ട് പാർക്കിങ് സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്പർപ്ലേറ്റുകൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തപ്പെടും. പിന്നീട് വാഹനം പുറത്തിറങ്ങുമ്പോഴും സ്മാർട്ട് കാമറകൾ നമ്പർ പ്ലേറ്റ് വിവരങ്ങൾ ഒപ്പിയെടുക്കും.
സ്മാർട്ട് സിസ്റ്റം വഴി പാർക്കിങ് സമയം കണക്കാക്കുകയും അതിനനുസരിച്ച ഫീസ് സംബന്ധിച്ച് ഉടമക്ക് മെസേജ് ലഭിക്കുകയും ചെയ്യും. ‘മൗഖിഫ്’ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ ഫീസ് ഓൺലൈനായി അടക്കാനും കഴിയും. ഇ-വാലറ്റ് വഴിയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടക്കാനുള്ള സൗകര്യമുണ്ടാകും.
മണിക്കൂർ അടിസ്ഥാനത്തിലുള്ള സാധാരണ പാർക്കിങ്ങിന് പുറമെ, എവിടെനിന്നും ഒരു ദിവസം മുതൽ ഒരു വർഷം വരെ പണമടച്ചുള്ള പാർക്കിങ് റിസർവ് ചെയ്യാവുന്നതുമാണ്. അതോടൊപ്പം വാഹന ഉടമകൾക്ക് ഒരാഴ്ചത്തെയോ ഒരു മാസത്തെയോ പണം ഒരുമിച്ച് അടക്കാനുള്ള സംവിധാനവുമുണ്ടാകും.