ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട; 24 പേർ പിടിയിൽ

ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട. 24 പേർ പിടിയിലായി. ഹാഷിഷും ക്യാപ്റ്റഗൺ ഗുളികകളും പിടികൂടി. ആസൂത്രിത ഓപ്പറേഷനുകൾ വഴി ഷാർജ പൊലീസാണ് വൻ മയക്കുമരുന്ന്‌ശേഖരം പിടികൂടിയത്. ഏപ്രിൽ 26ാം തീയതിയാണ് സംഭവം. മയക്കുമരുന്ന് കടത്തും വിൽപനയും നടത്തുന്ന 24അംഗ മാഫിയ സംഘത്തെയാണ് പിടികൂടിയത്. 120 കിലോഗ്രാം ഹാഷിഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ് പിടിച്ചെടുത്തത്. ഷാർജ പൊലീസ് ആൻറി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മാജിദ്അൽ അസ്സാമാണ് വിവരം അറിയിച്ചത്. രണ്ട് പ്രത്യേക സുരക്ഷാ ഓപ്പറേഷനുകളിലൂടെ വലിയ സംഘത്തിൻറെ പ്രവർത്തനം തകർക്കാൻ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇയിലെ ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ടക്കാണ് ഷാർജ പൊലീസ് നേതൃത്വം നൽകിയിരിക്കുന്നത്. യു.എ.ഇയിൽ വിതരണം ചെയ്യുന്നതിന് ഏഷ്യൻ വംശജരായ ഒരു സംഘം മയക്കുമരുന്ന് എത്തിച്ചതായ വിവരമാണ് ആദ്യഘട്ടത്തിൽ അധികൃതർക്ക് ലഭിച്ചത്. ഇതിനെത്തുടർന്ന് രാജ്യത്തിന് പുറത്തുള്ള വ്യക്തികളെ ഉൾപ്പെടുത്തി വിപുലമായ ഓപ്പറേഷൻ ആസൂത്രണം ചെയ്തു. നിരന്തരം നിരീക്ഷിക്കുകയും സംഘത്തെ വിപുലമായ മയക്കുമരുന്ന് ശേഖരവുമായി പിടികൂടുന്നതിന് അവസരം കാത്തുനിൽക്കുകയുമായിരുന്നു പൊലീസ്.

പിന്നീട് ദുബൈ പൊലീസും അജ്മാൻ പൊലീസും അടക്കമുള്ള സംയുക്ത ഫെഡറൽ സംഘത്തിൻറെ സഹകരണത്തിലും ഏകോപനത്തിലുമാണ് എല്ലാവരെയും പിടികൂടിയത്. ഓരോരുത്തരെയും വിവിധ ഭാഗങ്ങളിൽ നിന്നാണ് അറസ്റ്റ്‌ചെയ്തത്. വിദേശത്ത് താമസിക്കുന്നവരിൽ നിന്നാണ് പ്രതികൾക്ക് നിർദേശം ലഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിദേശത്തെ വ്യക്തിയുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ച പ്രതികൾ, വിവിധ എമിറേറ്റുകളിൽ സൂക്ഷിച്ച മയക്കുമരുന്നും ഗുളികകളും വിതരണം ചെയ്യുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *