ഷാർജയിൽ നിന്ന് കാണാതായ 17 വയസ്സുകാരനെ കണ്ടെത്തി

ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ പാക്ക് പൗരനായ മുഹമ്മദ് അബ്ദുല്ലയെ (17) സുരക്ഷിതനായി കണ്ടെത്തി. അബ്ദുല്ല ഇപ്പോൾ പൊലീസിന്‍റെ സംരക്ഷണത്തിലാണെന്ന് കുട്ടിയുടെ പിതാവ് അലി അറിയിച്ചു. ഇരട്ട മക്കളിൽ ഒരാളായ അബ്ദുല്ലയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം വൈകുന്നേരം 4.15ന് അബു ഷാഗറയിലെ ഫർണിച്ചർ മാർക്കറ്റിൽ നിന്ന് ഒരു മരപ്പണിക്കാരനെ കൂട്ടി വരാനായി പിതാവ് അബ്ദുല്ലയെ അയച്ചിരുന്നു.

എന്നാൽ, അബ്ദുല്ല വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഫർണിച്ചർ മാർക്കറ്റിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിൽ അബ്ദുല്ല മാർക്കറ്റിലേക്ക് നടന്നുപോകുന്നത് കാണുന്നുണ്ടെങ്കിലും മാർക്കറ്റിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചില്ല. സ്കൂളിൽ പോകാതെ വീട്ടിൽ സ്വകാര്യ പഠനം നടത്തുകയായിരുന്നു അബ്ദുല്ല. വിശദമായ തിരച്ചിലിനുശേഷം പൊലീസ് അബ്ദുല്ലയെ സുരക്ഷിതനായി കണ്ടെത്തുകയായിരുന്നു. കാണാതായതിനുള്ള കാരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *