ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു. 

ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടക്കമിട്ട ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 43 മാത് പതിപ്പിലാണ് പ്രഖ്യാപനം നടത്തിയത്.

മികച്ച അന്തർദേശിയ പ്രസാധകനുള്ള അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരാണ് ഡി സി ബുക്‌സ്. 2013-ലാണ് ഡി സി ബുക്‌സിന് ആദ്യപുരസ്‌കാരം ലഭിച്ചത്. സുവർണ ജൂബിലി വർഷത്തിലാണ് ഡി സി ബുക്സിന് ഈ അവാർഡ് ലഭിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 1974 ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി സി ബുക്സ് എന്ന പേരില്‍ പുസ്തക പ്രസാധനശാല ആരംഭിച്ചത്.

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് പ്രസാധകരില്‍ ഒന്നാണ് ഡി സി ബുക്‌സ്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ , അക്കാദമിക്, പ്രാദേശികം, വിവര്‍ത്തനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1,500-ലധികം പുതിയ പുസ്തകങ്ങള്‍ വര്‍ഷംതോറും ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു.

ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രസാധകരാണ് ഡി സി ബുക്സ്. അച്ചടിമികവിനും പ്രസിദ്ധീകരണ മികവിനും നിരവധി ദേശിയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ ഡി സി ബുക്സ് സ്വന്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രമായി നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിൽ ഒന്നായ മായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകരാണ് ഡി സി ബുക്‌സ്.

Leave a Reply

Your email address will not be published. Required fields are marked *