ദുബായ് : വ്യാജ രേഖകളുമായി രാജ്യത്തേക്ക് കടക്കുന്നവരെ ശരീരഭാഷഷ മനസിലാക്കി പിടികൂടുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്ന് ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു. വ്യോമകര നാവിക കവാടങ്ങളിൽ വ്യാജരേഖകളുമായി വരുന്നവരെ സാങ്കേതിക വിദ്യകളുടെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പിടികൂടാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. രേഖകൾ പരിശോധിക്കുമ്പോൾ കണ്ണുകൾ, ശരീരത്തിന്റെ ചലനങ്ങൾ, എന്നിവ സൂക്ഷ്മം നിരീക്ഷിച്ച് നിഗമനത്തിൽ എത്താൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും.
വ്യാജരേഖകൾ പരിശോധിക്കുന്നതിനായി 1357 ഉദ്യോഗസ്ഥരെയാണ് ഇതിന് വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡോക്യുമെന്റ് ലാബിന്റെയും ഇമിഗ്രേഷന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന പാസ്പോർട്ട് കൗണ്ടർ വഴി അസ്സൽ പാസ്പോർട്ടും വ്യാജ പാസ്പോർട്ടുകളും വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഒരേ സമയം അറബിക്, ഇംഗ്ലീഷ്,ചൈനീസ്,ഫ്രഞ്ച് സ്പാനിഷ് റഷ്യൻ, പേർഷ്യൻ സംസാരിക്കാൻ കഴിയുന്നവരായിരിക്കും ഉദ്യോഗസ്ഥർ.