വ്യാജ കറൻസി ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് ADJD മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) എമിറേറ്റിലെ നിവാസികളോടും, വിനോദസഞ്ചാരികളോടും ആഹ്വാനം ചെയ്തു. ലാഭകരമെന്ന് തോന്നാവുന്ന കറൻസി എക്സ്ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഇത്തരം തട്ടിപ്പ് ഇടപാടുകാരുമായി ഒരുതരത്തിലുള്ള ഇടപാടുകളും നടത്തരുതെന്ന് ADJD ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കറൻസി വിനിമയനിരക്കിൽ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ഇത്തരം ഇടപാടുകാർ വ്യാജകറൻസികളോ, മറ്റു സംശയകരമായതോ, നിയമവിരുദ്ധമായതോ ആയ സ്രോതസ്സുകളിൽ നിന്നുള്ള കറൻസികളോ ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകൾ നടത്തുന്നതെന്നും, ഇത്തരക്കാരുമായുള്ള ഇടപാടുകൾ നിയമക്കുരുക്കുകളിലേക്ക് നയിക്കുമെന്നും ADJD കൂട്ടിച്ചേർത്തു.

ഇത്തരം തട്ടിപ്പ് സംഘങ്ങളും, കള്ളനോട്ട് നിർമ്മാണ സംഘങ്ങളും അവധിക്കാലത്തെ തിരക്കുകൾ മറയാക്കികൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ വിലക്കിഴിവിൽ വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ നൽകിയാണ് ഈ രീതിയിലുള്ള തട്ടിപ്പുകൾ നടത്തുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും കാണുന്ന ഇത്തരം അവിശ്വസനീയമായ വാഗ്ദാനങ്ങൾ തള്ളിക്കളയാനും, അനധികൃതമായി പ്രവർത്തിക്കുന്ന കറൻസി എക്സ്ചേഞ്ച് സേവനദാതാക്കളുമായുള്ള ഇടപാടുകൾ ഒഴിവാക്കാനും ADJD ആഹ്വാനം ചെയ്തിട്ടുണ്ട്. വിദേശ കറൻസി ഇടപാടുകൾക്കായി അംഗീകൃത മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെയോ, ബാങ്കുകളെയോ സമീപിക്കാൻ ADJD പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *