വൃത്തിയില്ല, സൂപ്പർമാർക്കറ്റ് അടപ്പിച്ച് യു എ ഇ ഭക്ഷ്യസുരക്ഷാ അതോറിറ്റി

അബുദാബി : വൃത്തിഹീനമായ അന്തരീക്ഷം തുടർന്നത് മൂലം യു എ ഇ യിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി ഭരണകൂടം. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും വിവിധ ശുചിത്വ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ജാഫ്കോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഒരു ശാഖയാണ് അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുന്നത് . അബുദാബി നജ്ദ സ്ട്രീറ്റിലെ അല്‍ ദനാ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ജാഫ്‌കോ സൂപ്പർമാർക്കറ്റിന്റെ ഒരു ശാഖയാണ് പൂട്ടിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കുന്ന അബുദാബി ഭക്ഷ്യനിയമത്തിന്‍റെ 2008ലെ രണ്ടാം വകുപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചപൂട്ടിയതെന്ന് അധികൃതര്‍ പറഞ്ഞു. കീടങ്ങളുടെ ശല്യം, സ്റ്റോറിലെ വൃത്തിഹീനമായ സാഹചര്യം, സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മാംസ്യവും മത്സ്യവും പ്രദര്‍ശനത്തിന് വെച്ചത് എന്നിവയടക്കമുള്ള നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഔട്ട്ലറ്റിന് നാല് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ, ശുചിത്വ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വരെ ഔട്ട്ലറ്റ് അടച്ചിടും. ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ 800555 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *