വീണ്ടും പിതാവായ സന്തോഷം പങ്കുവച്ച്  ഷെയ്ഖ് ഹംദാൻ

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുടുംബത്തിലേയ്ക്ക് പുതിയ ഒരംഗംകൂടി. തനിക്കും ഭാര്യക്കും ഒരു ആൺകുഞ്ഞ് കൂടി പിറന്നതായി ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമ പോസ്റ്റിൽ വെളിപ്പെടുത്തി.

മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് കുട്ടിയുടെ പേര്. രണ്ട് ചെറിയ കാലുകൾ പിടിച്ചിരിക്കുന്ന ഒരു ജോടി കൈകളുടെ ചിത്രമായിരുന്നു ശനിയാഴ്ച പങ്കിട്ടത്. ‘പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളര്‍ത്തുകയും അവനെ ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചയാക്കുകയും അവനെ ഞങ്ങൾക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ’ എന്ന് അറബികിൽ എഴുതിയ പ്രാർഥന അടങ്ങുന്നതാണ് പോസ്റ്റ്.   

മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഷെയ്ഖ് ഹംദാന്റെ മൂന്നാമത്തെ കുട്ടിയാണ്.  2019 മേയിൽ വിവാഹിതരായ ഷെയ്ഖ് ഹംദാനും ഷെയ്ഖ ഷൈഖ ബിൻത് സയീദും 2021 മേയ് 20നു ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. സമൂഹ മാധ്യമത്തിലെ ജനപ്രിയ വ്യക്തിയാണ് ദുബായ് കിരീടാവകാശി.

ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. ഷെയ്ഖ് റാഷിദും ഷെയ്ഖ ഷെയ്ഖയും പിന്നീട് ഷെയ്ഖ് ഹംദാന്റെ പേജിൽ പലപ്പോഴായി പ്രത്യക്ഷപ്പെട്ടു.  ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ദിനത്തിലും ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *