ഷാര്‍ജ : കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സ്വദേശിയെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്.
അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായെന്നും അറബ് സ്വദേശി പറഞ്ഞു. ഇതിനാലാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇയാളുടെ വാദം. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ വിഭാഗം അപകടം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ട്രാഫിക് വിഭാഗം അധികൃതര്‍ അറിയിച്ചു. കാല്‍നടയാത്രക്കാരന് നിസ്സാര പരിക്ക് മാത്രമെ ഉണ്ടായുള്ളെന്ന് കരുതിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്ന് പിടിയിലായ അറബ് സ്വദേശി ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് കുറ്റകരമാണെന്നും അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനും ശ്രമിക്കണമെന്ന് ഷാര്‍ജ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തി.