റാസ് അൽ ഖൈമയിൽ വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസ് ആരംഭിച്ചു

എമിറേറ്റിലെ വിവിധ വ്യവസായ മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക നോൺ-സ്റ്റോപ്പ് ബസ് സർവീസ് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്പോർട് അതോറിറ്റി (RAKTA) അറിയിച്ചു. ‘റാക് റൈഡ്’ എന്ന പേരിലുള്ള ഈ പ്രത്യേക ബസുകൾ ഘട്ടം ഘട്ടമായി റാസ് അൽ ഖൈമയിലെ വിവിധ വ്യവസായ മേഖലകളെയും സിറ്റി സെന്ററിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ സർവീസ് നടത്തുന്നതാണ്.

ഇതിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖൈൽ ഇൻഡസ്ട്രിയൽ ഏരിയയെ റാസ് അൽ ഖൈമ നഗരത്തിലെ അൽ നഖീലുമായി ബന്ധിപ്പിക്കുന്ന സർവീസാണ് ആരംഭിച്ചിരിക്കുന്നത്. ഈ ബസ് അദേൻ, റാസ് അൽ ഖൈമ എയർപോർട്ട് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ഈ റൂട്ട് ഒരുക്കിയിരിക്കുന്നത്. അൽ നഖീൽ സ്റ്റേഷനിൽ നിന്ന് അൽ ഖൈൽ ഇൻഡസ്ട്രിയൽ സ്റ്റേഷൻ വരെയുള്ള യാത്രയ്ക്ക് ഈ ബസ് 45 മിനിറ്റാണ് എടുക്കുന്നത്. ദിനവും രാവിലെ 6 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ സർവീസ്.

യാത്രികർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ ഉറപ്പാക്കുക, അനധികൃതമായി യാത്രാ സേവനങ്ങൾ നൽകുന്നവരെ ഒഴിവാക്കുക, ഇന്ധനക്ഷമത കൂടിയ ബസുകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങൾ കണക്കിലെടുത്താണ് RAKTA ഈ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *