ലോകത്തിലെ വേഗമേറിയ അര്‍ധ മാരത്തണില്‍ പങ്കാളികളാകാന്‍ റാസല്‍ഖൈമയില്‍ അവസരം. ഫെബ്രുവരി 24ന് മര്‍ജാന്‍ ഐലന്റില്‍ രാവിലെ ഏഴ് മുതല്‍ 12 വരെയാണ് 17മത് റാക് ഹാഫ് മാരത്തണ്‍ നടക്കുന്നത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് ഹാഫ് മാരത്തണിലും 15 വയസ്സ് മുതലുള്ളവര്‍ക്ക് 10 കി.മീ. റോഡ് റേസ്, 14 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ച് കി.മീ. റോഡ് റേസ്, എല്ലാ പ്രായര്‍ക്കാര്‍ക്കും രണ്ട് കി.മീ ഫണ്‍ റണ്ണിലും പങ്കെടുക്കാം.
ഓരോ മല്‍സരത്തിലും യഥാക്രമം 330 ദിര്‍ഹം, 220 ദിര്‍ഹം, 10 ദിര്‍ഹം, 75 ദിര്‍ഹം എന്നിങ്ങനെയാണ് രജിസ്ട്രേഷന് ഫീസ് നിരക്ക്. ലോക താരങ്ങള്‍ക്കൊപ്പം മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്നതും വമ്പന്‍ ക്യാഷ് പ്രൈസുകളും റാക് ഹാഫ് മാരത്തണിന്റെ ആകര്‍ഷണമാണ്. ലോക റെക്കോര്‍ഡുകള്‍ ഭേദിച്ച പ്രകടനങ്ങള്‍ക്കാണ് മുന്‍ വര്‍ഷങ്ങളിലെ അര്‍ധ മരത്തോണ് മല്‍സരങ്ങളില്‍ റാസല്‍ഖൈമ സാക്ഷ്യം വഹിച്ചത്.
ഇക്കുറിയും റെക്കോര്‍ഡുകള്‍ പിറക്കുന്ന വേദിയായി മര്‍ജാന്‍ ഐലന്റിലെ മാരത്തോണ്‍ മല്‍സരം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒരു മില്യനിലേറെ ദിര്‍ഹം വിലമതിക്കുന്ന ഉപഹാരങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ബ്യൂറോ ഓഫ് വെരിറ്റാസ് സേഫ്റ്റി അംഗീകൃത ഈവന്റാണ് റാക് ഹാഫ് മാരത്തണ്‍ 2024. റാക് വിനോദ വികസന വകുപ്പ്, റാക് പോര്‍ട്ട് തുടങ്ങിയവക്കൊപ്പം പ്രശസ്ത ബ്രാന്‍ഡുകളും റാക് അര്‍ധ മാരത്തണിന്റെ പ്രായോജകരാണ്. രജിസ്ട്രേഷന് വിവരങ്ങള്‍ https://www.therakhalfmarathon.com വെബ് സൈറ്റില്‍ ലഭ്യമാണ്.