ദുബായ് : രാജ്യാന്തര വിമാനത്താവളം 62 വയസ്സ് പിന്നിടുമ്പോൾ വളർച്ചയുടെ മൂർത്തീഘട്ടത്തിലെത്തി നിൽക്കുകയാണ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. 3000 പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കാറിലും ബസിലും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമായാണ് ജനങ്ങൾ ആ സുന്ദര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ എത്തിയത്. ഇത്തിരി കുഞ്ഞൻ വിമാനത്താവളത്തിൽ നിന്നു വമ്പൻ ദുബായ് വളർന്നു. മരുഭൂമിയുടെ മധ്യത്തിലൊരു നാമമാത്ര സൗകര്യങ്ങളിൽ തുടങ്ങിയ വിമാനത്താവളം നാൾക്കുനാൾ പുത്തൻ സൗകര്യങ്ങളോടെ വികസിച്ചു. 1966 ലാണ് രാത്രി വിമാനം ഇറങ്ങാൻ സംവിധാനമായത്.
നിരീക്ഷണ ടവറോട് കൂടി മൂന്നു നില കെട്ടിടം അന്നത്തെ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം തുറന്നതോടെ സൗകര്യങ്ങൾ വിപുലമായി. 1961 ൽ 42,852 യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്.1970ൽ യാത്രക്കാരുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ചു, 5. 24 ലക്ഷം പേർ. 1997ൽ ദുബായ് വിമാനത്താവളം വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ ഇടം പിടിച്ചു. ജനപ്പെരുപ്പം കൊണ്ട് കുതിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തി. പിന്നീട് ഓരോ വർഷവും യാത്രക്കാരുടെ എണ്ണം കുതിച്ചു. 2019 ആയപ്പോഴേക്കും 8,63,90,000 യാത്രക്കാരാണ് എത്തിയത്. യാത്രക്കാരുടെ പെരുപ്പത്തിനനുസൃതമായി സൗകര്യങ്ങളിലും സംവിധാനങ്ങളിലുമുണ്ടായി. 2023 ആകുമ്പോഴേക്കും 11.8 കോടി യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമാവുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം.