അബുദാബി : രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന്‍ ആരംഭിച്ചു. അല്‍ബത്തീന്‍ ബീച്ച്, ഹുദൈരിയാത്ത് ബീച്ച്, സൗദിയാത്ത് ബീച്ച്, കോര്‍ണിഷ് ബീച്ച്, സൗദിയാത്ത് ബീച്ച് ക്ലബ്ബ് എന്നിവയാണ് അബുദാബിയില്‍ നീന്താന്‍ അനുയോജ്യമായ ബീച്ചുകള്‍. എമിറേറ്റിലെ മുങ്ങി മരണ കേസുകള്‍ കുറയ്ക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്. ബീച്ചിലെത്തുന്ന സഞ്ചാരികൾക്കും, താമസക്കാർക്കും ഉദ്യോഗസ്ഥർ നേരിട്ടെത്തി ലഘു ലേഖകൾ വിതരണം ചെയ്താണ് ബോധവത്കരണം നടത്തുന്നത്. ബീച്ചുകളില്‍ ഇറങ്ങുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, പകല്‍ സമയങ്ങളില്‍ മാത്രമാണ് അബുദാബിയിലെ ഓപ്പണ്‍ ബീച്ചുകളില്‍ നീന്താന്‍ അനുമതിയുള്ളൂ, രാത്രിയിലും പുലര്‍ച്ചെയും നീന്താന്‍ പാടില്ല , കുട്ടികളെ തനിച്ച് കടലില്‍ നീന്താന്‍ വിടരുത്, കുട്ടികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മാതാപിതാക്കളോ മുതിര്‍ന്നവരോ കൂടെ ഉണ്ടാകണം തുടങ്ങിയ നിർദേശങ്ങളാണ് ബോധവൽക്കരണത്തിലുള്ളത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, മുന്‍സിപ്പാലിറ്റി, ഗതാഗത വകുപ്പ് എന്നിവയുടെ സഹരകരണത്തോടെയാണ് ബോധവത്കരണം നടത്തുന്നത്.