രണ്ടു വര്‍ഷത്തിനിടെ ദുബായില്‍ അറസ്റ്റിലായത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികള്‍

രണ്ടു വര്‍ഷത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ. അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്‍മാര്‍, കൊലയാളികള്‍, സാമ്പത്തിക തട്ടിപ്പുകാര്‍, ആയുധ കടത്തുകാര്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട  379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി ദുബൈ പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 65 പിടികിട്ടാപ്പുള്ളികളെ പിടികൂടി നാടുകടത്തി. ആസൂത്രിത കൊലപാതകം, ആയുധക്കവര്‍ച്ച, ആക്രമണം, ജ്വല്ലറി മോഷണം, മോഷണശ്രമം എന്നിങ്ങനെ ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതിലുണ്ട്. 51.7 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി. 

ഇക്കഴിഞ്ഞ നവംബറില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളും ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷന്‍ ഡെസേര്‍ട്ട് ലൈറ്റ് വഴി കുപ്രസിദ്ധ മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടിയിരുന്നു. 49 മയക്കുമരുന്ന് ഇടപാട് സംഘാംഗങ്ങളാണ് ഈ ഓപ്പറേഷനില്‍ പിടിയിലായത്. അതേസമയം അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി ദുബൈ പൊലീസ് പരിശോധന തുടങ്ങി. നിയമം ലംഘിച്ചതായി കണ്ടെത്തിയ 91 ഫ്‌ലാറ്റുകളാണ് ഇതിനകം അധികൃതര്‍ അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളില്‍ പോകരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

Leave a Reply

Your email address will not be published. Required fields are marked *