യു എ ഇ രണ്ടാം ബഹിരാകാശ ദൗത്യം ഫെബ്രുവരിയിൽ

യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന് അടുത്തമാസം തുടക്കമാകും. ആറുമാസം നീളുന്ന ദൗത്യത്തിനായി ഇമറാത്തി ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി ഫെബ്രുവരി 26 ന് പുറപ്പെടും. അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യമാണിത്.

യു എ ഇ സമയം രാവിലെ 11:07 ന് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് യു എ ഇയുടെ സുൽത്താൻ അൽ നിയാദി അടക്കം നാല് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള റോക്കറ്റ് ബഹികാശത്തേക്ക് കുതിക്കുക. നാസ ആസ്ഥാനത്ത് ക്രൂസ് സിക്സ് മിഷൻ അംഗങ്ങൾ വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. എൻഡീവർ എന്ന സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി ഫാൽക്കൺ നയൺ റോക്കറ്റാണ് ഭൂമിയിൽ നിന്ന് പറന്നുയരുക. യു എ ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് യാത്രികരിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. എന്നാൽ, ഒപ്പമുണ്ടായിരുന്ന ഹെസ്സ അൽ മൻസൂരിക്കാണ് 2019 ൽ ആദ്യമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്താൻ അവസരം ലഭിച്ചത്. അഞ്ച് വർഷത്തിലേറെ നീണ്ട പരിശീലനം പൂർത്തിയാക്കിയാണ് സുൽത്താൻ സ്പേസ് സ്റ്റേഷനിൽ ആറുമാസത്തോളം നീളുന്ന മിഷന് പുറപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *