യു എ ഇ യിൽ രണ്ട് പ്രവാസികൾ കുത്തേറ്റ് മരിച്ചു

ഷാര്‍ജ : ഷാര്‍ജയില്‍ രണ്ട് പ്രവാസികള്‍ കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

ഷാര്‍ജ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ 8ല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന രണ്ട് പേരെ പ്രതി കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. മരണപ്പെട്ട രണ്ട് പേരും ഈജിപ്ഷ്യന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് സാക്ഷിയായ മറ്റൊരു പ്രവാസിയാണ് പൊലീസിന് വിവരം നല്‍കിയത്. ഇയാളെയും പ്രതി കുത്താന്‍ ശ്രമിച്ചു.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. പൊലീസ് പിന്നീട് സാക്ഷിയുടെ മൊഴിയെടുത്തു. റെക്കോര്‍ഡ് സമയത്തിനിടയില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്‍തതായി ഷാര്‍ജ പൊലീസ് അറിയിച്ചു. പ്രതിയും ഈജിപ്ഷ്യന്‍ പൗരനാണ്. തുടര്‍ നടപടികള്‍ക്കും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനും വേണ്ടി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *