സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുള്ള സ്വദേശിവത്കരണ തോത് നിറവേറ്റാത്ത കമ്പനികൾക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴയായി ചുമത്തുമെന്ന് MoHRE വ്യക്തമാക്കി. സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ മറികടക്കുന്നതിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ജീവനക്കാരുടെ തൊഴിൽ പദവികളിൽ മാറ്റം വരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ നിയമത്തിന്റെ ലംഘനമായി കണക്കാകുമെന്ന് MoHRE മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ തവണത്തെ ലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തുന്നതാണ്. ഈ ലംഘനങ്ങൾ രണ്ടാമതും ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 3 ലക്ഷം ദിർഹം പിഴയും, മൂന്നാമതും നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം പിഴയും ചുമത്തുന്നതാണ്. പിന്നീട് ആവർത്തിക്കുന്ന ഓരോ ലംഘനങ്ങൾക്കും അഞ്ച് ലക്ഷം ദിർഹം പിഴയായി ചുമത്തുമെന്നും MoHRE കൂട്ടിച്ചേർത്തു. രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളിലെ സ്വദേശിവത്കരണത്തിന്റെ തോത് വാർഷികാടിസ്ഥാനത്തിൽ 2 ശതമാനമെന്ന രീതിയിൽ (ഓരോ ആറ് മാസത്തെ കാലയളവിലും 1% വെച്ച്) ഉയർത്താൻ യു എ ഇ ക്യാബിനറ്റ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് MoHRE ഇത്തരം കമ്പനികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.
ഇത്തരം കമ്പനികൾക്ക് അവരുടെ അർദ്ധവാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ30 വരെയാണെന്ന് MoHRE 2023 ഏപ്രിൽ 26-ന് അറിയിച്ചിരുന്നു. 2023 ജൂലൈ മുതൽ, സ്വദേശിവത്കരണം സംബന്ധിച്ച് ആവശ്യമായ അർദ്ധവാർഷിക നിരക്ക്, 2022-ൽ ലക്ഷ്യമിട്ടിരുന്ന നിരക്ക് എന്നിവ നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴ ബാധകമാകുമെന്ന് MoHRE നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Companies violating Emiratisation targets will face AED500,000 fines#WamNews https://t.co/TjKs1SBe7H pic.twitter.com/E0aoBZqgVo
— WAM English (@WAMNEWS_ENG) May 4, 2023