രാജ്യത്തെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ‘പ്ലാന്റ് ദി എമിറേറ്റ്സ്’ എന്ന പേരിൽ ദേശീയതല പ്രോഗ്രാമിന് തുടക്കമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പദ്ധതിയുടെ ഭാഗമായി ദേശീയ കാർഷിക കേന്ദ്രം സ്ഥാപിക്കുന്നതിന് ശൈഖ് മുഹമ്മദ് അംഗീകാരം നൽകി. അൽ മർമൂം ഫാമിൽ നടന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. രാജ്യത്ത് നടപ്പാക്കിവരുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കൊപ്പം കൂടുതൽ മരങ്ങൾ വളർത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മന്ത്രിസഭാ അംഗങ്ങൾക്കൊപ്പം മരം നടുന്നതിന്റെ ചിത്രങ്ങളും ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. കാർഷിക രംഗത്ത് യു.എ.ഇ എത്രത്തോളം മുന്നേറിയെന്ന് കാണിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചു. രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതാണ് പുതിയ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ വീടുകളിലും സ്കൂളുകളിലും പുതിയ തലമുറകൾക്കിടയിൽ കാർഷിക സംസ്കാരം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഭക്ഷ്യ സുരക്ഷ, കാർഷിക സാങ്കേതിക വിദ്യകളുടെ വികസനം, സ്വകാര്യ മേഖലയുമായുള്ള പുതിയ പങ്കാളിത്തം, സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി ഹരിത മേഖലയുടെ വ്യാപനം തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
സാങ്കേതിക വിദ്യകളുടെ പിന്തുണയിലൂടെ വരും കാലങ്ങളിൽ കാർഷിക മേഖലക്ക് ദേശീയ കാലാവസ്ഥ കേന്ദ്രം ഒരു പ്രധാന ചാലകമായി വർത്തിക്കും. സുസ്ഥിരത വർഷം 2024നോടനുബന്ധിച്ച് പ്രാദേശികമായ കാർഷിക ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിനും കാർബൺ ബഹിർഗമനം കുറക്കുന്നതിനുമുള്ള പദ്ധതികൾക്ക് കാർഷിക കേന്ദ്രം പിന്തുണ നൽകും. വിവിധ പദ്ധതികൾക്കായി രാജ്യത്തെ ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി ടീമുകൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ, കമ്യൂണിറ്റി അംഗങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ‘പ്ലാന്റ് ദി എമിറേറ്റ്സ്’ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. വിവിധ പ്രദർശനങ്ങളിലും കാമ്പയിനുകളിലും കാർഷിക ഉൽപന്നങ്ങളും ധാന്യങ്ങളും പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ബോധവത്കരണ പരിപാടികളും മത്സരങ്ങളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ‘ഹരിത ടൂറിസം’ എന്ന മുദ്രാവാക്യവുമായി വേൾഡ് കൂളസ്റ്റ് വിന്റർ കാമ്പയിനും അദ്ദേഹം തുടക്കമിട്ടു.