യു.എ.ഇയിൽ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾക്ക് ഏകീകൃത കേന്ദ്രങ്ങൾ വരുന്നു

യു.എ.ഇയിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, കോൺസുലാർ സേവനങ്ങൾക്ക് ഏകീകൃത കേന്ദ്രങ്ങൾ വരുന്നു. നിലവിൽ രണ്ട് ഏജൻസികളാണ് വിവിധ കേന്ദ്രങ്ങളിലായി ഈ സേവനങ്ങൾ നൽകുന്നത്. ഏകീകൃത കേന്ദ്രങ്ങളുടെ, പുറം ജോലി കരാർ ഏറ്റെടുക്കാൻ തയാറുള്ള സ്ഥാപനങ്ങളിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു. പുതിയ കേന്ദ്രങ്ങൾ അപേക്ഷകരുടെ വീട്ടിലെത്തിയും സേവനം ലഭ്യമാക്കണം.

ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ അഥവാ ഐ.സി.എ.സി എന്ന പേരിലായിരിക്കും യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ പുതിയ ഏകീകൃത സേവനകേന്ദ്രങ്ങൾ തുറക്കുക. ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സേവനം, അറ്റസ്റ്റേഷൻ, കോൺസുലാർ സേവനം, ഇന്ത്യയിലേക്കുള്ള വിസാ സേവനം എന്നിവ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ ബി.എൽ.എസ് കേന്ദ്രങ്ങൾ പാസ്‌പോർട്ട് സേവനങ്ങൾ നൽകുമ്പോൾ ഐ.വി.എസ് കേന്ദ്രങ്ങളാണ് അറ്റസ്റ്റേഷൻ സർവീസ് നടത്തുന്നത്. അപേക്ഷകരുടെ വീട്ടിലെത്തി സേവനം നൽകുന്ന സംവിധാനവും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കണം. ഇതിന് തയാറുള്ള ഔട്ട്‌സോഴ്‌സിങ് ഏജൻസികൾ ഒക്ടോബറികം പ്രോപ്പോസൽ സമർപ്പിക്കാൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി അടുത്തവർഷം ആദ്യം പുതിയ കേന്ദ്രങ്ങൾ സേവനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അബൂദബിയിൽ ഖാലിദിയ, അൽ റീം, മുസഫ, അൽ ഐൻ, ഗയാത്തി, ദുബായിൽ കരാമ അല്ലെങ്കിൽ ഊദ് മേത്ത, മറീന, അൽ ഖൂസ് അല്ലെങ്കിൽ അൽ ബർഷ, ദേര, ഖിസൈസ് എന്നിവിടങ്ങളിലും ഷാർജയിൽ അബു ഷഗാറ, റോള, ഖോർഫക്കാൻ എന്നിവിടങ്ങളിലുമാണ് ഓഫിസുകൾ തുറക്കേണ്ടത്. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളും ആരംഭിക്കണം. ഡോർ ടു ഡോർ സേവനങ്ങൾക്ക് പരമാവധി 380 ദിർഹം വരെ ഈടാക്കാമെന്നും എംബസി മുന്നോട്ടുവെച്ച നിർദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *