യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ജന്മനാട്ടിൽ മടങ്ങിയെത്തി; സ്വീകരിച്ച് രാഷ്ട്ര നേതാക്കൾ

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി തിരികെ യുഎഇയിലെത്തി. ഗംഭീര സ്വീകരണമാണ് പിറന്ന നാട് സുൽത്താൻ അൽ നെയാദിക്കായി ഒരുക്കിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ടെർമിനൽ-എയിൽ വന്നിറങ്ങിയ അദ്ദേഹത്തെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടത് മനോഹരം ആയിരുന്നുവെന്ന് നിയാദി പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രയാൻ വിജയം അഭിമാനം നൽകുന്നുവെന്നും മാധ്യമപ്രവർത്തകരോട് നിയാദി പ്രതികരിച്ചു.

ബഹിരാകാശ യാത്രയിൽ അൽ നിയാദി കൂടെ കൊണ്ടുപോയ യു.എ.ഇ ദേശീയ പതാക സ്വീകരണ ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ സായിദിന് കൈമാറി. ആറുമാസത്തെ ബഹിരാകാശ ദൗത്യവും ഹ്യൂസ്റ്റണിൽ രണ്ടാഴ്ച നീണ്ട ആരോഗ്യ വീണ്ടെടുപ്പിനും ശേഷമാണ് ഇമാറാത്തിൻറെ അഭിമാനതാരം സ്വന്തം മണ്ണിൽ തിരിച്ചെത്തിയത്. രാജ്യത്താകമാനം തിങ്കളാഴ്ച അൽ നിയാദിയെ അഭിവാദ്യം ചെയ്ത് അലങ്കാരങ്ങളും ബോർഡുകളും സ്ഥാപിച്ചിരുന്നു. പ്രസിഡൻഷ്യൽ വിമാനത്തിൽ എത്തിയ അൽ നിയാദിക്ക് അഭിവാദ്യം നേർന്ന് ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് അകമ്പടി വിമാനങ്ങൾ പറന്നു. ബഹിരാകാശ യാത്രികൻറെ വേഷമണിഞ്ഞ കുട്ടികൾ പാതകകളുമായി സ്വീകരിക്കാൻ എത്തിയിരുന്നു. മുതിർന്ന ഇമാറാത്തി പൗരന്മാർ ആലിംഗനം ചെയ്ത് ആശംസകൾ നേർന്നതും വിമാനത്താവളത്തിലെ ഹൃദയഹാരിയായ കാഴ്ചയായിരുന്നു.

യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി, ഫ്‌ലൈറ്റ് ഡോക്ടർ ഡോ. ഹനാൻ അൽ സുവൈദി എന്നിവരടക്കം യു.എ.ഇ ബഹിരാകാശ കേന്ദ്രത്തിലെ പ്രമുഖർ അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം തത്സമയം അൽ നിയാദിയുടെ തിരിച്ചുവരവ് പ്രക്ഷേപണം ചെയ്തു. വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംവദിച്ച അദ്ദേഹം ദൗത്യ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. രാജ്യം ഏല്പിക്കുകയാണെങ്കിൽ ഭാവിയിലും കൂടുതൽ ദൗത്യത്തിന് സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിലാണ് സ്വീകരണ ചടങ്ങുകൾ ഒരുക്കിയത്. ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് സെപ്റ്റംബർ നാലിനാണ് യു.എസിലെ ഫ്‌ലോറിഡയിൽ അദ്ദേഹം മടങ്ങിയെത്തിയത്. ചികിൽസയും ശാസ്ത്ര പരീക്ഷണങ്ങളും പൂർത്തിയാക്കാനാണ് രണ്ടാഴ്ച ഹ്യൂസ്റ്റണിൽ തന്നെ തങ്ങിയത്. ഇനി ഒരാഴ്ചയോളം മാതൃരാജ്യത്ത് ചിലവഴിക്കുമെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് യു.എസിലേക്ക് തന്നെ മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *