യുഎഇയുടെ മിക്ക എമിറേറ്റുകളിലും ഇന്ന് വ്യാപകമായ മഴ പെയ്തു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.
ദുബായ്-അൽ ഐൻ റോഡിലെയും അബുദാബിയിലെയും മഴ ദൃശ്യങ്ങൾ പലരും വാഹനങ്ങളിൽ നിന്ന് പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. ഡിഐപി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 19 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. പലയിടത്തും ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.