യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ഫീസ് വർധന

 സ്മാർട്ട് സേവനങ്ങൾക്കുള്ള ഫീസ് 100 ദിർഹം (2215 രൂപ) വർധിപ്പിച്ചതോടെ യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ചെലവേറി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഫീസ് വർധന നിർദേശം യുഎഇയിലെ ടൈപ്പിങ് സെന്ററുകൾക്ക് കൈമാറിയത്.

പുതിയ വീസയും എമിറേറ്റ്സ് ഐഡിയും എടുക്കുന്നതിനും പുതുക്കുന്നതിനും നിരക്കു വർധന ബാധകം. 2 വർഷ കാലാവധിയുള്ള എമിറേറ്റ്സ് ഐഡിക്ക് 270 ദിർഹത്തിന് (5981 രൂപ) പകരം ഇനി 370 ദിർഹം (8197 രൂപ) നൽകണം. സന്ദർശക വീസ ഉൾപ്പെടെ എല്ലാ തരം വീസകളുടെ ഫീസിലും വർധന ബാധകം. ഒരു മാസത്തെ സന്ദർശക വീസയ്ക്ക് ഇനി 370 ദിർഹമാണ് നിരക്ക്. നേരത്തെ ഇത് 270 ദിർഹമായിരുന്നു നിരക്ക്. 

ട്രാവൽ ഏജൻസികൾ നൽകുന്ന വിസിറ്റിങ് വീസ പാക്കേജിനും ഇനി ചെലവേറും. കുറഞ്ഞത് 2000 രൂപയെങ്കിലും അധികം ഈടാക്കാനാണ് ട്രാവൽ ഏജൻസികൾ ആലോചിക്കുന്നത്. വീസ കാലാവധി കുറച്ചതും സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം വന്നതും സാധാരണ പ്രവാസികൾക്കു തിരിച്ചടിയായി. ഇതുമൂലം 2 മാസം നിർത്തി കുടുംബത്തെ തിരിച്ചയയ്ക്കുകയാണ് പലരും. പുതുതായി കുടുംബത്തെ കൊണ്ടുവരാൻ പദ്ധതിയിട്ട പ്രവാസികൾക്കും അധികച്ചെലവ് നേരിടേണ്ടിവരും. 

Leave a Reply

Your email address will not be published. Required fields are marked *