യുഎഇയിൽ ടാക്‌സി ചാർജ് കുറയും

യുഎഇയിൽ ഇന്ധനവിലയിൽ കുറവ് വരുത്തിയതോടെ ഈ മാസം എമിറേറ്റുകളിൽ ടാക്‌സി ചാർജിലും ഇളവ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. അജ്മാനിൽ കിലോമീറ്ററിന് 1.81 ദിർഹം മാത്രമേ ജൂണിൽ ടാക്‌സി ചാർജായി ഈടാക്കാവൂവെന്നാണ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദേശം. മേയിൽ കിലോമീറ്ററിന് 1.85 ദിർഹമായിരുന്നു ഈടാക്കിയിരുന്നത്. ദുബൈ, ഷാർജ എമിറേറ്റുകളിലും ടാക്‌സി നിരക്കിൽ കുറവുണ്ടാകും. ഈ മാസം നാല് ഫിൽസിൻറെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോൾ, ഡീസൽ വില കഴിഞ്ഞ നാലു മാസത്തിനിടെ കുറഞ്ഞ വിലയിലേക്ക് താഴ്ന്നതോടെയാണ് പൊതുജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചത്. ജൂണിൽ സൂപ്പർ 98, സ്‌പെഷൽ 95, ഇ പ്ലസ് എന്നീ ഇന്ധന വകഭേദങ്ങൾക്ക് ലിറ്ററിന് 21 ഫിൽസിൻറെ കുറവാണ് വരുത്തിയത്. സൂപ്പർ 98നും സ്‌പെഷൽ 95നും 6.6 ശതമാനവും ഇ പ്ലസിന് ഏഴു ശതമാനവുമാണ് വില കുറച്ചത്. യു.എ.ഇയിൽ പൊതു ഗതാഗത സംവിധാനം ശകതമാണെങ്കിലും ഇപ്പോഴും യാത്രക്കാരിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് ടാക്‌സികളെയാണ്.

കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് ദുബൈയിൽ ടാക്‌സി യാത്രക്കാരുടെ എണ്ണത്തിൽ ആറു ശതമാനത്തിൻറെ വർധന രേഖപ്പെടുത്തിയിരുന്നു. ആർ.ടി.എ ബിസിനസ് ഡെവലപ്‌മെൻറ് പ്ലാനിങ് ഡയറക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ദുബൈയിലെ ടാക്‌സി ട്രിപ്പുകളുടെ എണ്ണം 27.3 ദശലക്ഷം കടന്നിട്ടുണ്ട്. പോയ വർഷം ഇതേ കാലയളവിൽ 26 ദശലക്ഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *