മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ആരംഭിച്ചു; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രദർശനം സന്ദർശിച്ചു

ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്‌സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. 150 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രദർശകർ ഈ ടൂറിസം എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്.

ദുബായ് മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന സുസ്ഥിര ടൂറിസം അനുഭവങ്ങളെ എടുത്തുകാട്ടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് മെയ് 4 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെയ് 1-ന് അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു. ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായ H.H. ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അനുഗമിച്ചു. വ്യവസായം, വാണിജ്യം, വിനോദസഞ്ചാരം, നിക്ഷേപം മുതലായ മേഖലകളിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായി ദുബായിയെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തെ അപേക്ഷിച്ച് ഇത്തവണ പ്രദർശകരുടെ എണ്ണത്തിൽ 27 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിലെ വൈവിധ്യമാർന്ന ടൂറിസം അനുഭവങ്ങൾ ഈ പ്രദർശനത്തിൽ ദുബായ് ഡിപ്പാർട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പ്രത്യേകം എടുത്ത് കാട്ടുന്നുണ്ട്. ദുബായിയിലെ ടൂറിസം മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും, നയങ്ങളും ഈ എക്സിബിഷനിൽ അവതരിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *