മദ്യത്തിന് 2025 ജനുവരി മുതൽ 30 ശതമാനം നികുതി പുനഃസ്ഥാപിക്കും: ദുബായ് സർക്കാർ

2025 ജനുവരി ഒന്നുമുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുമെന്ന് ദുബായ്. ഇതുസംബന്ധിച്ച് ബാറുകൾക്കും റെസ്‌റ്റോറന്റുകൾക്കും റീട്ടെയിലർമാർ ഇമെയിലൂടെ അറിയിപ്പ് നൽകി.

ലഹരിപാനീയങ്ങൾ വാങ്ങുന്നതിനുള്ള 30 ശതമാനം മുനിസിപ്പാലിറ്റി നികുതി 2025 ജനുവരി മുതൽ പുനഃസ്ഥാപിക്കുമെന്ന് ദുബായ് സർക്കാർ അറിയിച്ചിട്ടുണ്ട് എന്നാണ് ഇമെയിലിൽ വ്യക്തമാക്കുന്നത്. എല്ലാത്തരം ഓർഡറുകൾക്കും നിയമം ബാധകമാകുമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദുബായ് സർ‌ക്കാരിന്റെ പുതിയ നീക്കം മദ്യം വാങ്ങൽ രീതികളെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാർ പറയുന്നു. നികുതി പുഃനസ്ഥാപിക്കുന്നത് ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾക്ക് വലിയ അവസരം നൽകും. ഹോട്ടലുകളിൽ മദ്യത്തിന് ഡിസ്‌‌കൗണ്ടുകളും മറ്റും നൽകുന്നത് തുടരുമെന്നതിനാൽ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് മദ്യം നേരിട്ട് വാങ്ങുന്നതിനെ ആശ്രയിക്കാതെ ഇനിമുതൽ ആളുകൾ ഹോട്ടലുകൾ സന്ദർശിക്കുന്നത് പതിവാക്കുമെന്നും റെസ്റ്റോറന്റ് നടത്തിപ്പുകാർ പറയുന്നു.

2023 ജനുവരിയിലാണ് മദ്യവിൽപ്പനയ്ക്കുള്ള 30 ശതമാനം നികുതി ദുബായ് ഭരണകൂടം ഒഴിവാക്കിയത്. ഇത് 2023 ഡിസംബർ വരെ പിന്നീട് നീട്ടുകയും ചെയ്തിരുന്നു. ഇതോടെ ദുബായ് താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും മദ്യ ലഭ്യത കൂട്ടി.

ദുബായിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കുറഞ്ഞത് 21 വയസ് പ്രായമായിരിക്കണം. ആൽക്കഹോൾ ലൈസൻസുള്ള റെസ്റ്റോറന്റുകളിലോ ലോഞ്ചുകളിലോ മാത്രമേ ലഹരിപാനീയങ്ങളുടെ ഉപഭോഗം അനുവദിക്കുകയുള്ളൂ. പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് ദുബായിൽ നിരോധനമുണ്ട്.

ആൽക്കഹോൾ ലൈസൻസ് ഉള്ളവർക്ക് മാത്രമേ വീട്ടിലോ താമസ സ്ഥലത്തോ മദ്യം കഴിക്കാൻ അനുവാദമുള്ളൂ. മദ്യപിച്ച് വാഹനമോടിക്കുന്നത് ദുബായിൽ കർശനമായി വിലക്കിയിട്ടുണ്ട്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ദുബായിൽ മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ മുഖാന്തിരമോ രജിസ്റ്റർ ചെയ്തിട്ടുള്ള മദ്യ സ്റ്റോർ വഴിയോ ലൈസൻസിനായി അപേക്ഷ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *