റമദാന് മുന്നോടിയായി നൂറുകോടി ദിർഹമിൻറെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കാനുള്ള കാമ്പയിനുമായി ദുബൈ ഭരണകൂടം. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ എന്ന തലക്കെട്ടിൽ പുതിയ സംരംഭം പ്രഖ്യാപിച്ചത്. രാജ്യത്തെ ദരിദ്ര കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനമാണ് ലക്ഷ്യം.
ഇസ്‌ലാമിൽ മാതാവിൻറെ സ്ഥാനം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ശൈഖ് മുഹമ്മദ് കാമ്പയിൻ പ്രഖ്യാപിച്ചത്. ‘സഹോദരി സഹേദരന്മാരെ. അനുഗൃഹീത മാസമാണ് കടന്നുവരുന്നത്. എല്ലാ വർഷത്തെയും പോലെ റമദാനിലെ ജീവകാരുണ്യ കാമ്പയിന് ഇത്തവണയും തുടക്കം കുറിക്കുകയാണ്. ‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ കാമ്പയിൻ. എമിറേറ്റിൽ അമ്മമാരുടെ പേരിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൂറുകോടി ദിർഹം സമാഹരിക്കുകയാണ് ലക്ഷ്യം. മാതാവാണ് സ്വർഗം. സ്വർഗത്തിലേക്കുള്ള വഴിയും. മാതാവിൻറെ പേരിലുള്ള ദാനധർമത്തിൽ പങ്കാളികളാകാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണ്. യുവാക്കളും പ്രായമുള്ളവരും പുരുഷൻമാരും സ്ത്രീകളും എല്ലാവരും ഈ ഉദ്യമത്തിൽ പങ്കാളികളാകണം.
നന്മയിലും സ്‌നേഹത്തിലും കാരുണ്യത്തിലും മുഴുകുമ്പോൾ തന്നെ വ്രതമനുഷ്ഠിക്കുകയും ചെയ്യാം. ദൈവം യു.എ.ഇയേയും എമിറേറ്റ്‌സിലെ ജനങ്ങളുടെ മാതാക്കളെയും സംരക്ഷിക്കട്ടെ.- ശൈഖ് മുഹമ്മദ് ട്വറ്ററിൽ കുറിച്ചു.