യു.എ.ഇയിലെ ബഹിരാകാശയാത്രികരുടെ ആരോഗ്യ സംരക്ഷണത്തിന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) ദുബൈ ആരോഗ്യ ഏജൻസിയുമായി ധാരണയിലെത്തി. ബഹിരാകാശ ദൗത്യത്തിന് മുമ്പും ശേഷവും സഞ്ചാരികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ മെഡിക്കൽ പരിശോധന നടത്തുന്നതിനാണ് കരാർ. എം.ബി.ആർ.എസ്.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ സലിം ഹുമൈദ് അൽ മർറിയും ദുബൈ ഹെൽത്ത് സി.ഇ.ഒ ഡോ.അമിർ ഷരീഫുമാണ് കരാറിൽ ഒപ്പുവെച്ചത്.
ദൗത്യത്തിന് മുമ്പ് ബഹിരാകാശ യാത്രികരുടെ ആരോഗ്യക്ഷമത ഉറപ്പാക്കുന്നതിനായി എം.ബി.ആർ.എസ്.സി ദുബൈ ഹെൽത്തിന്റെ സഹകരണത്തോടെ മെഡിക്കൽ പരിശോധനകൾ, സ്ക്രീനിങ് ടെസ്റ്റുകൾ, മറ്റു വിലയിരുത്തലുകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കും. കൂടാതെ ആരോഗ്യപരമായ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനുമായി ദുബൈ ഹെൽത്തുമായി കൈകോർത്ത് യാത്രികർക്ക് എം.ബി.ആർ.എസ്.സി പ്രത്യേക പരിശീലന പരിപാടികളും നടത്തും.ആരോഗ്യസംരക്ഷണ ദാതാക്കളുമായി ബഹിരാകാശ യാത്രികരുടെ ആരോഗ്യ വിവരങ്ങൾ സംയോജിപ്പിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യുന്നതിലൂടെ സമഗ്രമായ ആരോഗ്യ പരിപാലനമാണ് ലക്ഷ്യമിടുന്നത്.
ബഹിരാകാശ യാത്രികരുടെ സുരക്ഷയും ആരോഗ്യവും പരമപ്രധാനമാണെന്നും ദൗത്യത്തിന് മുമ്പും പ്രവർത്തനവേളയിലും ദൗത്യത്തിന് ശേഷവും അവർക്ക് ഏറ്റവും സാധ്യമായ ആരോഗ്യ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കരാറിലൂടെ സാധിക്കുമെന്നും ജനറൽ സലീം ഹുമൈദ് അൽ മർറി പറഞ്ഞു.
ദുബൈ ഹെൽത്തുമായി കൈകോർക്കുന്നതിലൂടെ ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ ക്ഷേമം വർധിപ്പിക്കുക മാത്രമല്ല ലക്ഷ്യമിടുന്നത്. അതോടൊപ്പം ആരോഗ്യ ശാസ്ത്ര രംഗത്ത് ബഹിരാകാശ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നൂതന കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.