പിതാവിനെ പരിചരിക്കാൻ മടിച്ച് മക്കൾ, ഓഹരി തിരിച്ച് വാങ്ങാൻ അനുമതി നൽകി കോടതി

അബുദാബി : അബുദാബിയിൽ പിതാവിനെ പരിചരിക്കാൻ താല്പര്യം കാണിക്കാത്തതിനെ തുടർന്ന് മക്കളിൽ നിന്ന് ഓഹരികൾ തിരിച്ചെടുക്കണമെന്ന വൃദ്ധന്റെ ആവശ്യത്തിന് കോടതി അംഗീകാരം നല്‍കി.

സ്വന്തം മക്കളുടെ പേരില്‍ 23 വര്‍ഷം മുമ്പ് വാങ്ങിയ വാണിജ്യ ഓഹരികളാണ് പിതാവ് തിരിച്ചു വാങ്ങാൻ പരാതി നൽകിയത്. 7400 ഓഹരികളാണ് മക്കളുടെയും മുന്‍ഭാര്യയുടെയും പേരില്‍ പരാതിക്കാരന്‍ വാങ്ങിയിരുന്നത്. ഇതില്‍ നിന്നുള്ള ലാഭവിഹിതം മടുങ്ങാതെ കൈപ്പറ്റിയിരുന്നെങ്കിലും പ്രായമായ പിതാവിനെ പരിചരിക്കാന്‍ അഞ്ച് മക്കളും വിസമ്മതിക്കുകയായിരുന്നു.

മക്കളില്‍ ഒരാള്‍ പോലും തിരിഞ്ഞുനോക്കാതെ ആയപ്പോഴാണ് വൃദ്ധന്‍ ആദ്യം പരാതിയുമായി അബുദാബി പ്രാഥമിക കോടതിയെ സമീപിച്ചത്. എന്നാല്‍ മക്കള്‍ക്കും മുന്‍ ഭാര്യയ്ക്കും സമ്മാനമായി നല്‍കിയ ഓഹരികള്‍ തിരികെ വേണമെന്ന ആവശ്യം കോടതി തള്ളി. ഇതിന് പിന്നാലെ ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് ക്ലെയിംസ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കേസ് പുനഃപരിശോധിച്ച അപ്പീല്‍ കോടതി വൃദ്ധന്റെ ആവശ്യം അംഗീകരിച്ചു. അഞ്ച് മക്കളുടെയും അവരുടെ അമ്മയുടെയും പേരിലുള്ള ഓഹരികള്‍ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു.

7400 ഓഹരികള്‍ ഭാര്യയ്ക്കും മക്കള്‍ക്കും കൈമാറിക്കൊണ്ട് 23 വര്‍ഷം മുമ്പ് താന്‍ ഒപ്പിട്ടു നല്‍കിയ രേഖ അസാധുവാക്കണമെന്നായിരുന്നു പരാതിയില്‍ വൃദ്ധന്റെ പ്രധാന ആവശ്യം. ഓഹരികള്‍ അവയുടെ ലാഭം ഉള്‍പ്പെടെ തിരിച്ചു നല്‍കണമെന്നും അവ പരാതിക്കാരന്റെ പേരില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഈ ഓഹരികളില്‍ പിന്നീട് നടന്ന വില്‍പനകളോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കില്‍ അവ അസാധുവാക്കണമെന്നും പിതാവ് കോടതിയോട് ആവശ്യപ്പെട്ടു.

മക്കള്‍ക്ക് ഭാവിയില്‍ സുരക്ഷിതമായ വരുമാനം ലഭ്യമാക്കാനായി അവരുടെ ചെറുപ്പകാലത്തായിരുന്നു പിതാവ് അവര്‍ക്കുവേണ്ടി ഓഹരികള്‍ വാങ്ങി നല്‍കിയത്. കുട്ടികളുടെ അമ്മയും അന്ന് ഇയാള്‍ക്കൊപ്പം തന്നെയാണ് താമസിച്ചിരുന്നതെങ്കിലും പിന്നീട് ചില പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹമോചനം നേടി. എന്നാല്‍ മുന്‍ഭാര്യയ്ക്കും ഇയാള്‍ സമ്മാനമായി ഓഹരികള്‍ നല്‍കിയിരുന്നു. വിവാഹ മോചനത്തിന് ശേഷം പരാതിക്കാരന്‍ മറ്റൊരു വിവാഹം കഴിച്ചു. അതില്‍ രണ്ട് മക്കളുമുണ്ട്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പിതാവ് തന്റെ ജോലിയില്‍ നിന്ന് വിരമിക്കുകയും പിന്നാലെ അദ്ദേഹത്തിന് ചില സാമ്പത്തിക ബാധ്യതകള്‍ വരികയും ചെയ്‍തു. പണ്ട് വാങ്ങി നല്‍കിയ ഓഹരികളില്‍ നിന്ന് പതിവായി ലാഭം കൈപ്പറ്റിയിരുന്ന മക്കള്‍, പക്ഷേ പിതാവിനെ ദുരിത കാലത്ത് സഹായിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് താന്‍ സമ്മാനിച്ച ഓഹരികള്‍ തിരികെ വേണമെന്ന ആവശ്യവുമായി ഇയാള്‍ കോടതിയെ സമീപിച്ചത്. തെളിവുകളുടെ അഭാവത്താല്‍ കേസ് തള്ളണമെന്ന് മക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അപ്പീല്‍ കോടതി വിധി പരാതിക്കാരന് അനുകൂലമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *