അബുദാബി∙ : തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന യുഎഇ പ്രഖ്യാപിച്ച പുതിയ ഗാർഹിക തൊഴിൽ നിയമം റിക്രൂട്ടിങ് തട്ടിപ്പ് ഇല്ലാതാക്കാനും തൊഴിൽ തർക്കം കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ. ചെയ്യേണ്ട ജോലി, ലഭിക്കുന്ന വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ ധാരണ നൽകിയ ശേഷമുള്ള റിക്രൂട്ട്മെന്റിൽ പരാതി കുറയും. വീസ, യാത്ര ടിക്കറ്റ് എന്നിവയ്ക്ക് ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുതെന്നും കർശന നിർദേശമുണ്ട്. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിച്ചുകൊണ്ടുള്ള പുതിയ നിയമം അനുസരിച്ച് വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ പുതിയ ഗാർഹിക തൊഴിലാളി നിയമം ലംഘിച്ചാൽ കോടികളാണ് പിഴയായി നൽകേണ്ടി വരിക. വീട്ടുജോലിക്കാരെ ഉപദ്രവിക്കക്കാനോ അവരോട് അപമര്യാദയായി പെരുമാറാനോ പാടില്ല. തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം. കൃത്യമായി വേതനം ലഭിക്കുന്നുണ്ടോ എന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പാക്കണം. ശമ്പളം കിട്ടാതെ വരികയോ ജോലി സംബന്ധമായ പ്രശ്നം ഉണ്ടാവുകയോ ചെയ്താൽ ആരെയാണ് ബന്ധപ്പെടേണ്ടതെന്നു തൊഴിലാളികളെ ഏജന്റ് പറഞ്ഞു മനസ്സിലാക്കണം. തൊഴിൽ അവകാശം സംബന്ധിച്ച വിവരിക്കുന്ന കൈപ്പുസ്തകം റിക്രൂട്ടിങ് ഏജന്റുമാർ നൽകണം.
കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ച വരുത്താൻ പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്, ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുക, തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുക, പുറത്തു പോയി ജോലി ചെയ്യരുത് തുടങ്ങി തൊഴിലാളിയുടെ ഉത്തരവാദിത്തങ്ങളും പുതിയ നിയമത്തിൽ വിശദീകരിക്കുന്നുണ്ട്.
നിയമവിധേയമായി മറ്റൊരു ജോലിയിലേക്കു മാറിയാൽ പുതിയ തൊഴിലുടമയാണ് ചെലവുകൾ വഹിക്കേണ്ടത്. വീട്ടുജോലിക്കാരെ തിരിച്ചയക്കേണ്ടി വന്നാൽ ചെലവ് ഏജന്റുമാർ വഹിക്കണം. തൊഴിലുടമയ്ക്കു പകരം ജോലിക്കാരെ നൽകുകയും വേണം. ജോലിക്കിടെ മരിക്കുന്ന തൊഴിലാളിയുടെ അനന്തരാവകാശിക്ക് ആ മാസത്തെ ശമ്പളവും കുടിശ്ശികയുണ്ടെങ്കിൽ അതും സേവനാന്തര ആനുകൂല്യങ്ങളും ചേർത്തു നൽകണം. മൃതദേഹം സ്പോൺസറുടെ ചെലവിൽ വേണം നാട്ടിൽ എത്തിക്കാൻ.