പലസ്തീനികള്‍ക്ക് സഹായമെത്തിക്കാന്‍ ക്യാമ്പയിൻ പ്രഖ്യാപിച്ച് യുഎഇ

ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്ക് സഹായമെത്തിക്കുന്നതിന് ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇ. ഗാസക്ക് വേണ്ടി ‘അനുകമ്പ’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സഹായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക.

എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ അബുദബിയില്‍ ക്യാമ്പയിന് തുടക്കം കുറിക്കും. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വേള്‍ഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

ഇസ്രയേല്‍-ഗാസ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണം, ശുചിത്വം, ആരോഗ്യ സാമഗ്രികള്‍ തുടങ്ങിയവ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിലെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ഏജന്‍സി വഴിയാകും സഹായം എത്തിക്കുക. പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *