പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എംസാറ്റ് പരീക്ഷ നിർബന്ധം

അബുദാബി : യുഎഇയിൽ ഉന്നത വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെ പ്രാദേശിക, രാജ്യാന്തര സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എംസാറ്റ് ടെസ്റ്റ് നിർബന്ധമാക്കി യു എ ഇ. ഇതനുസരിച്ച് യുഎഇയിൽ 12ാം ക്ലാസിൽ പഠിക്കുന്ന സ്വദേശി, വിദേശി വിദ്യാർഥികൾ എമിറേറ്റ്‌സ് സ്റ്റാൻഡേഡൈസ്ഡ് ടെസ്റ്റിനു (എംസാറ്റ്) റജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇംഗ്ലിഷ്, അറബിക് ഭാഷകളിലായിരിക്കും പരീക്ഷ. പ്രാദേശിക കോളജുകളിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന വിദ്യാർഥികളുടെ അറിവും കഴിവും അളക്കുന്നതിനാണ് പരീക്ഷ നടത്തുന്നത്. സ്വദേശികളും വിദേശികളുമായ എല്ലാ വിദ്യാർഥികളും പരീക്ഷ എഴുതാൻ മുന്നോട്ടുവരണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.ഓൺലൈൻ ടെസ്റ്റിന്റെ ലിങ്ക് ഇ–മെയിൽ, എസ്.എം.എസ് സന്ദേശമായി ലഭിക്കുന്ന വിധത്തിലായിരിക്കും സജ്ജീകരണം. അതതു സ്കൂളിലെ കോ ഓർഡിനേറ്റർ മുഖേനയാണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്യേണ്ടത്. എംസാറ്റ് ഓൺലൈൻ പരീക്ഷയ്ക്കുള്ള സ്ഥലവും സമയവും അപേക്ഷാ സമയത്ത് വിദ്യാർഥികൾക്കു തിരഞ്ഞെടുക്കാം.മാത്‌സ്, ഫിസിക്സ് വിഷയങ്ങൾക്ക് നവംബർ 13 നാണ് പരീക്ഷ സംഘടിപ്പിച്ചിരിക്കുന്നത് . വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (https://emsat.moe.gov.ae/emsat/emsat_register_en.aspx) വഴി വിദ്യാർഥികൾക്കു നേരിട്ടും റജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *