ഷാർജയിൽ അൽ തൗൺ ബിൽഡിങ്ങിന്റെ 13 -)o നിലയിൽ തൂങ്ങിയാടിയ അഞ്ചുവയസുകാരനെ രക്ഷിച്ച് അയൽവാസി. മാതാപിതാൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഉറങ്ങിക്കിടന്ന 5 വയസുകാരൻ ജനാലയുടെ അരികിൽ അപകടകരമാം വിധത്തിൽ തൂങ്ങി നിന്നത്. താഴെ നിന്നും ഇത് കണ്ട അയൽവാസി പെട്ടെന്ന് തന്നെ കുഞ്ഞിനടുത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് ആദെൽ അബ്ദേൽ ഹഫീസ് ഫ്ലാറ്റിന്റെ മുകളിലെ നിലയിൽ കുഞ്ഞിനെ അപകടകരമാം രീതിയിൽ കണ്ടതെന്നും, ഉടനെ തന്നെ സെക്യൂരിറ്റിയെ അറിയിക്കുകയും കുഞ്ഞിനെ രക്ഷിക്കാനായി മുകളിലേക്ക് ഓടുകയുമായിരുന്നു.ഫ്ലാറ്റിന്റെ വാതിലിൽ മുട്ടി വിളിച്ചപ്പോൾ തുറാക്കാതിരുന്നപ്പോഴാണ് മാതാപിതാക്കൾ റൂമിനകത്തില്ലയെന്ന വിവരം മനസിലായത്. ഉടനെത്തന്നെ കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചുബന്ധപ്പെടുകയും വാതിൽ കുത്തിത്തുറന്ന് കുഞ്ഞിനെ രക്ഷിക്കാൻ പോവുകയാണെന്നും അറിയിച്ചു. ഉടനെത്തന്നെ വാതിലുകൾ കുത്തിത്തുറന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
അതേസമയം അഥവാ കുഞ്ഞ് താഴേക്ക് വീഴുകയാണെങ്കിൽ കുട്ടിയെ സുരക്ഷിതമാക്കുവാനുള്ള പ്രവർത്തനങ്ങളിലായിരുന്നു സെക്യൂരിറ്റിയും അയൽവാസികളും. ഇതിനിടയിൽ പോലീസും മാതാപിതാക്കളും എത്തിച്ചേർന്നു. വിവരമറിയിച്ചു ഉടനെ പോലീസ് എത്തിയെങ്കിലും അതിനുമുൻപേ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.