ന്യുതന ഡിജിറ്റൽ സംവിധാനങ്ങളോടെ രൂപമാറ്റത്തിലേക്ക് ദുബായ് ടാക്സികൾ ; ജൈറ്റക്‌സിൽ ഡിജിറ്റലൈസേഷൻ പ്രദർശിപ്പിച്ച് ആർ ടി എ

ന്യുതന ഡിജിറ്റൽ സംവിധാനങ്ങളോടെ അടിമുടി രൂപമാറ്റത്തിൽ ദുബായ് ടാക്സികളെ ആധുനികവത്കരിക്കുന്ന ഡിജിറ്റൽ പ്രസന്റേഷൻ ജൈറ്റക്‌സിൽ പ്രദർശിപ്പിച്ച് ആർ ടി എ.അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പം കിടപിടിക്കുന്നതിന്റെയും, ടാക്സി മേഖലയിലെ വെല്ലുവിളികളെ പരിഹരിക്കുന്നതിൻെറയും ഭാഗമായാണ് പുതിയ മാറ്റം. കൂടാതെ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഏറ്റവും മികച്ച അനുഭവം പ്രധാനം ചെയ്യുന്ന രീതിയിലാണ് ടാക്സിയുടെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും അടക്കമുള്ള നിരവധി ഡിജിറ്റൽ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുള്ളതെന്നും ദുബായ് ടാക്സി കോർപ്പറേഷൻ ഫ്ലീറ്റ് ഓപ്പറേഷൻസ് ഡയറക്ടർ അമ്മാർ അൽ ബ്രൈക്കി പറഞ്ഞു.

വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ഘടിപ്പിക്കുന്ന സ്‌മാർട്ട് മീറ്റർ ,മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ നാവിഗേഷൻ,ഏത് അടിയന്തര സാഹചര്യത്തിലും ഡ്രൈവർക്കായി സ്ക്രീനിൽ ഒരു എസ്. ഒ. എസ് ബട്ടൺ എന്നിവയും പുതിയ പതിപ്പിൽ ഉണ്ടായിരിക്കും. ഡ്രൈവർമാർ മീറ്ററിൽ കാണിക്കുന്ന തിരിമറി മുഴുവനായും ഒഴിവാക്കാനും ഇതുവഴി സാധിക്കും. ടാക്സിയുടെ ഡ്രൈവർ സീറ്റിനു പിറകിൽ ഘടിപ്പിക്കുന്ന സ്‌ക്രീനുകൾ വഴി യാത്രക്കാർക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യാനും ഷോപ്പ് ചെയ്യാനും വീഡിയോകൾ കാണാനും ഗെയിമുകൾ കളിക്കാനും കഴിയും. ആപ്പ് വഴി ഇ-വാലറ്റുകൾ ഉപയോഗിച്ച് ഡിജിറ്റലായി പണമടയ്ക്കാനുള്ള ഓപ്ഷനും യാത്രക്കാർക്ക് ലഭിക്കും. ഡ്രൈവറുടെ സ്മാർട്ട്‌ഫോണിൽ വാഹനം തുറക്കാനും അടയ്ക്കാനും അതിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും മീറ്റർ സ്റ്റാർട്ട് ചെയ്യാനും ഒരു ആപ്പ് ഉണ്ടായിരിക്കും.ടാക്‌സിയുടെ മുകളിലെ സൈൻബോർഡുകളിൽ ടാക്സി ഒഴിഞ്ഞുകിടക്കുന്നതോ റിസർവ് ചെയ്‌തതോ അല്ലെങ്കിൽ സർവീസ് ഇല്ലാത്തതോ ആയ വിവരങ്ങളും കാണാൻ സാധിക്കും. റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ ടാക്സി ഡ്രൈവർമാർക്ക് ഒരു തടസ്സവും ഉണ്ടാകാത്ത വിധം വാഹനത്തിന്റെ പിൻവശത്തെ ഗ്ലാസ്സിൽ റോഡിൽ യാത്ര ചെയ്യുന്നവർക്ക് ദൃശ്യമാകുന്ന രീതിയിലുള്ള ഡിജിറ്റൽ പരസ്യബോർഡുകളും ഉണ്ടായിരിക്കും. അതേസമയം ഈ പരസ്യങ്ങൾ ടാക്സിക്കുള്ളിൽ ഇരിക്കുന്നവർക്ക് കാണാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *