യു എ ഇയിൽ നെറ്റ്ഫ്ലിക്സ് പാസ് വേർഡ് പങ്കുവെക്കാൻ ഇന്ന് മുതൽ നിയന്ത്രണം നിലവിൽ വരും. ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്നവർക്ക് മാത്രമേ ഒരേ അക്കൗണ്ടിൽ വീഡിയോ ആസ്വദിക്കാൻ കഴിയൂ എന്ന് സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്ലിക്സ് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ ഈ നിയന്ത്രണം നേരത്തേ ഏർപ്പെടുത്തിയിരുന്നു.
വൈഫൈ നെറ്റ് വർക്കും ഐ.പി അഡ്രസും രേഖപ്പെടുത്തിയാണ് നെറ്റ്ഫ്ലിക്സ് നിയന്ത്രണം നടപ്പാക്കുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നേരത്തേ കമ്പനി സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പാസ് വേർഡ് പങ്കുവെച്ച് നിരവധി പേർ നെറ്റ്ഫ്ലിക്സിൽ വീഡിയോ ആസ്വദിക്കുന്നത് തടയുകാണ് ലക്ഷ്യം. ഇതോടെ ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണാൻ ഒരു വീട്ടിലുള്ളവർക്ക് മാത്രമാണ് സാധിക്കുക.
പുതിയ നിർദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ ഉപഭോക്താക്കൾക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണെന്നും ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ് ഫ്ലിക്സ് ഉപയോഗിക്കാമെന്നും കമ്പനി അറിയിപ്പിൽ പറയുന്നു. മറ്റുള്ളവരുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടാൻ അധിക ഫീസ് നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്നും അറിയിച്ചു.