നീറ്റ് 2024 ; യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിന്റെ പേര് പുറത്ത് വിട്ടു

ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുഃനസ്ഥാപിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ യുഎഇയിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിന്‍റെ പേരും പുറത്തുവിട്ടു. യുഎഇയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആദ്യത്തേതിന്‍റെ പേരാണ് പുറത്തുവിട്ടത്.

ദുബൈയിലെ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂളാണ് (ഐഎച്ച്എസ്) ആദ്യ കേന്ദ്രം. തുടര്‍ച്ചയായി നാലാം തവണയും നീറ്റ് പരീക്ഷക്ക് കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് സിഇഒ പുനീത് എംകെ വാസു പ്രസ്താവനയില്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ അബുദാബിയിലും ഷാര്‍ജയിലും അനുവദിച്ചിരിക്കുന്ന നീറ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് യുഎഇയിൽ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചത്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം.

ഖത്തര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്‌കത്ത്), സൗദി അറേബ്യ (റിയാദ്), ബഹ്‌റൈന്‍ (മനാമ) ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മാര്‍ച്ച് 9 വരെ നീറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തിരുത്താന്‍ അവസരമുണ്ടാവും. മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം തിരുത്തിനുള്ള അവസരം നല്‍കുമ്പോള്‍ വിദേശത്ത് സെന്ററുകള്‍ തെരഞ്ഞെടുക്കാമെന്ന് എൻടിഎ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *