ദുബൈ വിമാനത്താവളത്തിലെ പാർക്കിങ്ങിൽ കളർ കോഡ്; ഇനി വാഹനം എളുപ്പത്തിൽ കണ്ടെത്താം

പാർക്കിങ് ഏരിയകളിൽ നിർത്തിയിടുന്ന വാഹനങ്ങൾ ഉടമകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ പ്രത്യേക കളർ കോഡ് വരുന്നു. പ്രവർത്തന മികവ്, തടസ്സമില്ലാത്ത യാത്രാനുഭവം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച്, അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വികസന പ്രവർത്തനങ്ങളെന്ന് അധികൃതർ അറിയിച്ചു.

ഇത് കൂടാതെ വി.ഐ.പി സൗകര്യത്തോടെ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് പ്രത്യേക മജ്‌ലിസ് സൗകര്യവും വിമാനത്താവളത്തിൽ നിർമിക്കും. വരും മാസങ്ങളിൽ പുതിയ വികസന പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് പദ്ധതി. നിലവിൽ ദുബൈ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് നിരക്ക് മണിക്കൂറിന് 15 മുതൽ ഒരു ദിവസത്തേക്ക് 125 ദിർഹം വരെയാണ് ഈടാക്കുന്നത്. അധികം വരുന്ന ഓരോ ദിവസത്തിന് 100 ദിർഹം കൂടി ഇടാക്കും.

എന്നാൽ, എമിറേറ്റ്‌സിൻറെ ലോ കോസ്റ്റ് എയർലൈനായ ഫ്‌ലൈ ദുബൈ യാത്രക്കാർക്ക് ടെർമിനൽ രണ്ടിൽ മുൻകൂട്ടി പാർക്കിങ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 50 ദിർഹം മാത്രമാണ് ഇതിനായി ഈടാക്കുന്നത്. യു.എ.ഇ നിവാസികളും സന്ദർശകരും അടക്കം ആയിരക്കണക്കിന് പേരാണ് പ്രതിദിനം ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. ഇവരെ യാത്രയാക്കുന്നതിനായി കുടുംബങ്ങളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തുന്നത് പതിവ് കാഴ്ചയാണ്. വൻ തിരക്കേറിയ സമയങ്ങളിൽ പാർക്കിങ് ഏരിയകളിൽ നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ ഏറെ പരിശ്രമം ആവശ്യമായിരുന്നു. പുതിയ കളർകോഡ് വരുന്നതോടെ പാർക്കിങ് മേഖലകളിൽ നിന്ന് തങ്ങളുടെ വാഹനങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായകരമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *