മുനിസിപ്പാലിറ്റി ഒരുക്കുന്ന റമദാൻ സൂഖിന്റെ മൂന്നാം സീസൺ ശനിയാഴ്ച ആരംഭിക്കും. ദേര ഗ്രാൻഡ് സൂഖിയിലെ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റ് സ്ക്വയറിലാണ് സൂഖ് പ്രവർത്തിക്കുക. ഫെബ്രുവരി 22 വരെ പ്രവർത്തിക്കുന്ന സൂഖിൽ, പരമ്പരാഗത റമദാൻ ഉൽപന്നങ്ങളുടെ ആകർഷകമായ ശേഖരമുണ്ടാകും. വ്രതമാസത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സൂഖ് പ്രവർത്തനമാരംഭിക്കുന്നത്. അതോടൊപ്പം വിനോദസഞ്ചാരികൾക്ക് പരമ്പരാഗത മാർക്കറ്റ് സന്ദർശിക്കാനുള്ള അവസരവുമാണ് ഒരുങ്ങുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സൂഖിന്റെ പ്രവർത്തന സമയം.മാർക്കറ്റിൽ വിവിധ വിനോദ, ടൂറിസം, വാണിജ്യ പരിപാടികളും ഒരുക്കും.
സൂഖിലെ പരിപാടികളും പ്രദർശനങ്ങളും പൗരന്മാരും താമസക്കാരും വിനോദസഞ്ചാരികളും സന്ദർശകരും അടക്കമുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ഉപകാരപ്പെടുന്നതായിരിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും സാംസ്കാരിക, പൈതൃക വസ്തുക്കൾ ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ ഉൽപന്നങ്ങളും മാർക്കറ്റിൽ നിറയും.
ചരിത്രപ്രാധാന്യമുള്ള ദേര സൂഖിന്റെ ചെറു രൂപവും മാർക്കറ്റിൽ ഒരുക്കും. ഇവിടെ റമദാൻ ഉൽപന്നങ്ങളുടെയും തദ്ദേശീയ ചടങ്ങായ ‘ഹഖ് അൽ ലൈല’ക്ക് ആവശ്യമായ ഉൽപന്നങ്ങളും വിൽപനക്കുണ്ടാകും. ദീർഘകാലമായി കച്ചവട രംഗത്തുള്ളവരാണ് ഈ ഉൽപന്നങ്ങൾ സൂഖിൽ എത്തിക്കുക.
ഭക്ഷ്യ വസ്തുക്കൾ, വ്യക്തിഗത ഉൽപന്നങ്ങൾ എന്നിവ വിൽപനക്കെത്തുന്ന സൂഖിൽ, തത്സമയ വിനോദങ്ങളും വർക്ഷോപ്പുകളും കുട്ടികൾക്കുള്ള ആക്ടിവിറ്റികളും ഒരുക്കും. എമിറേറ്റിൽ റമദാന് മുന്നോടിയായി ഒരുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത പദ്ധതിയാണ് റമദാൻ സൂഖെന്ന് ദുബൈ മുനിസിപ്പാലിറ്റി പൈതൃക-പുരാവസ്തു വകുപ്പ് ഡയറക്ടർ ആസിം അൽ ഖാസിം പറഞ്ഞു.