ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും

ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര് നൽകി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെൻറ്. പുതുതായി വികസിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുടെ പേരുകളാണ് പുതുക്കിയത്. ഇതനുസരിച്ച് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’ എന്നറിയപ്പെടും.

അപ്പാർട്ട്മെന്റുകളും ഓഫീസുകളും ഹോട്ടലുകളും അടക്കമുള്ള നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണ് ബുർജ് ഖലീഫ ഏരിയ. ഡൗൺ ടൗൺ, ബിസിനസ് ബേ, ജെ.എൽ.ടി, ദുബൈ മറീന എന്നിവയടക്കം പ്രധാന ഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇഷ്ടകേന്ദ്രം കൂടിയാണ്.

അതോടൊപ്പം സ്വദേശികൾക്ക് താമസത്തിന് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് ‘മദീനത് ലത്വീഫ’ എന്ന നാമവും നൽകും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ മാതാവ് ശൈഖ ലത്വീഫ ബിൻത് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാൻറെ പേരാണ് പ്രദേശത്തിന് നൽകിയിരിക്കുന്നത്. ഇവിടെ പൗരൻമാർക്ക് 3,500 പ്ലോട്ടുകളും 2,300 താമസയോഗ്യമായ വീടുകളുമാണ് അനുവദിച്ചിട്ടുള്ളത്.

വിവിധ സ്ഥലങ്ങളുടെ പേരുമാറ്റം പ്രഖ്യാപിച്ചുവെങ്കിലും എന്നുമുതൽ നടപ്പിലാകുമെന്ന് വ്യക്തമല്ല. റോഡുകൾക്ക് പേരിടുന്നതിന് ദുബൈ അടുത്തിടെ പുതിയ സംവിധാനം പ്രഖ്യാപിച്ചിരുന്നു. സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പ്രാദേശിക മരങ്ങളുടെയും പൂക്കളുടെയും പേരുകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *