ദുബൈ നഗരത്തിലെ ആൽ മക്തൂം പാലത്തിൽ ഞായറാഴ്ചയും ഗതാഗതം അനുവദിച്ച് അധികൃതർ. അറ്റകുറ്റപ്പണിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ പാലം ഞായറാഴ്ചകളിൽ തുറന്നിരുന്നില്ല. പ്രധാന അറ്റകുറ്റപ്പണികൾ ജനുവരി 16ന് പൂർത്തിയായതായി വ്യക്തമാക്കിയാണ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഞായറാഴ്ചകളിലും തുറക്കാൻ തീരുമാനിച്ചത്.
അതേസമയം നിശ്ചിത സമയങ്ങളിൽ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കും. എല്ലാ ഞായറാഴ്ചയും പുലർച്ചെ 1 മുതൽ 4.30 വരെയും വ്യാഴാഴ്ചകളിൽ പതിവ് അറ്റകുറ്റപ്പണികൾക്കായി പുലർച്ചെ 1 മുതൽ 4.30 വരെയുമാണ് അടച്ചിടുക.
പാലം വീണ്ടും തുറക്കുന്നത് ക്രീക്കിന് രണ്ട് കരകളിലുമായുള്ള ദേരക്കും ബർ ദുബൈക്കും ഇടയിലുള്ള പ്രദേശങ്ങളിലെ പതിവ് ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇത് യാത്രക്കാർക്ക് ആശ്വാസമാകും. കഴിഞ്ഞ വർഷം ഒക്ടോബറിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ പാലം ദിവസവും രാത്രി 11 മുതൽ പുലർച്ചെ അഞ്ചു വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും അടച്ചിട്ടിരുന്നു.