ദുബായ്: ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയും തറക്കല്ലിട്ടു

ഇന്ത്യൻ വ്യാപാരികൾക്കായി ദുബായിൽ നിർമ്മിക്കുന്ന ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചേർന്ന് നിർവഹിച്ചു.ലോക സർക്കാർ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഇരുവരും ഈ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.ജബൽ അലി ഫ്രീ സോണിൽ നിർമ്മിക്കുന്ന ഈ വാണിജ്യ സമുച്ചയത്തിൽ ചില്ലറ വില്പനശാലകളും, മൊത്തക്കച്ചവടക്കാരുമായി ഏതാണ്ട് 1500-ഓളം വ്യാപാരശാലകൾ ഉണ്ടായിരിക്കും. ‘ഭാരത് മാർക്കറ്റ്’ 2026-ൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വ്യാപാരികൾക്ക് ആഗോള മാർക്കറ്റിലേക്ക് കൂടുതൽ സുഗമമായി തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിന് പിന്തുണ നൽകുന്നതിനായാണ് ‘ഭാരത് മാർക്കറ്റ്’ എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. ഏതാണ്ട് 2.7 മില്യൺ സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിലാണ് ‘ഭാരത് മാർക്കറ്റ്’ ഒരുക്കുന്നത്. ജബൽ അലി ഫ്രീസോണിൽ ഡി പി വേൾഡ് ഒരുക്കുന്ന ദുബായ് ട്രേഡേഴ്സ് മാർക്കറ്റ് എന്ന ആഗോള വിപണിയുടെ ഭാഗമായാണ് ‘ഭാരത് മാർക്കറ്റ്’ ഒരുങ്ങുന്നത്. 2030-ഓടെ ഇന്ത്യയും, യു എ ഇയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളറിലേക്ക് എത്തിക്കുന്നതിനായി ഇരുരാജ്യങ്ങളും മുന്നോട്ട് വെച്ചിട്ടുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് ‘ഭാരത് മാർക്കറ്റ്’ എന്ന് ഡി പി വേൾഡ് സി ഇ ഓ സുൽത്താൻ അഹ്‌മദ്‌ ബിൻ സുലയേം വ്യക്തമാക്കി.

ഇന്ത്യൻ ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ, കയറ്റുമതിക്കാർ, വിതരണക്കാർ മുതലായവർക്കുള്ള ആഗോളനിലവാരത്തിലുള്ള ഒരു വാണിജ്യ പ്രതലമായിരിക്കും ‘ഭാരത് മാർക്കറ്റ്’. ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ വ്യാപാരികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ യു എ ഇയിലെ പ്രാദേശിക വിപണിയിൽ വ്യാപാരം ചെയ്യുന്നതിനൊപ്പം മേഖലയിലെ രാജ്യങ്ങളിലേക്കും, ആഗോളതലത്തിലുള്ള മറ്റു രാജ്യങ്ങളിലേക്കും ഈ ഉത്പന്നങ്ങൾ ദുബായിൽ നിന്ന് വീണ്ടും കയറ്റുമതി ചെയ്യുന്നതിനും സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *