ദുബായ് ഭരണാധികാരിക്ക് ഇന്ന് 74ാം പിറന്നാൾ

‘കാലുകൾക്ക് പരിചിതമല്ലാത്ത പാതയിലൂടെ നടക്കുന്നു,ദുർഘടമായ മൈതാനത്ത് നടക്കാൻ ഇഷ്ടപ്പെടുന്നു’ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ വാക്കുകളാണിത്. ദുർഘടമായ വഴിയിലൂടെ, മറ്റാരും നടക്കാത്ത പാതയിലൂടെ നടന്ന് യുഎഇ എന്ന ചെറിയ രാജ്യത്തെ ലോകത്തെ മികച്ചരാജ്യമാക്കി നിലനിർത്തുന്ന ഭരണാധികാരി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 74 ാം പിറന്നാൾ.

ദുബായിയെ വികസനത്തിൻറെ പാതയിൽ, ഒന്നാമതായി നിലനിർത്തുന്നത്, അദ്ദേഹത്തിൻറെ കരുതലും ദീർഘവീക്ഷണവും പദ്ധതികൾ നടപ്പിലാക്കുന്നതിലുളള കൃത്യമായ ആസൂത്രണവും തന്നെയാണ്. ആരോഗ്യം, വിദ്യാഭ്യാസം മുതൽ സാങ്കേതികവിദ്യ, ടൂറിസം വരെ ലോകമെമ്പാടുമുളള വിവിധ രാജ്യങ്ങളിലെ ആളുകൾ ഒരുമിച്ച് ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യം. കണ്ണെത്താത്ത ദൂരത്തോളമുളള മണൽ കൂനകളിൽ നിന്ന് രാത്രിയിലും കണ്ണുചിമ്മാത്ത നഗരം നിർമ്മിക്കുക സാധ്യമാണെന്ന് യുഎഇ ലോകത്തെ ബോധ്യപ്പെടുത്തി. ലോകമെമ്പാടുമുള്ള ആളുകളെ വലിയ സ്വപ്നം കാണാനും അവരുടെ ലക്ഷ്യങ്ങൾ നേടാനും പ്രചോദിപ്പിക്കുന്ന നഗരമായി ദുബായി മാറുന്നതിന് പിന്നിൽ ദീർഘവീക്ഷണമുളള ഭരണാധികാരികളുടെ ഭരണ മികവ് തന്നെയെന്നതിൽ സംശയമില്ല.

തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക്, പിറന്നാളാശംകൾ നേരുകയാണ്, യുഎഇയിലെ സ്വദേശികളും വിദേശികളും.1949 ജൂലൈ 15ന് ഷിന്ദഗയിലെ അൽ മക്തൂം കുടുംബത്തിലാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിൻറെ നാല് ആൺമക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. അബുദാബി മുൻ ഭരണാധികാരി ഷെയഖ് ഹംദാൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാൻറെ മകൾ ഷെയ്ഖ ലതീഫ ബിൻത് ഹംദാൻ അൽ നഹ്യാനാണ് ഷെയ്ഖ് മുഹമ്മദിൻറെ മാതാവ്. അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന മുത്തച്ഛൻ ഷെയ്ഖ് സഈദിൽ നിന്നാണ് ഭരണ നിർവഹണത്തിൻറെ ആദ്യ പാഠങ്ങൾ അദ്ദേഹം പഠിച്ചത്.1995ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂം, ഷെയ്ഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. 2006ൽ ഷെയ്ഖ് മക്തൂമിൻറെ മരണത്തോടെ ദുബായ് ഭരണാധികാരിയായി. പിന്നീട് ഇങ്ങോട്ട് ദുബായ് പിന്നിട്ട ഓരോ ദിനവും, ചരിത്രത്തിൻറെ ഭാഗമാണ്. വളർച്ചയുടെ പാതയിൽ, ദുബായ് നാഴികകല്ലുകൾ പിന്നിടുമ്പോൾ, അതിനോട് ചേർത്ത് പറയാൻ ഒരേ ഒരു പേരുമാത്രമെയുളളൂ, അതാണ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ദീർഘവീക്ഷണമുളള ഭരണാധികാരി, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന കവി,കുതിരയോട്ടത്തിൽ പ്രഗത്ഭൻ , അതിനേക്കാളേറെ മനുഷ്യസ്‌നേഹി. ഹാപ്പി ബർത്ത് ഡെ ഷെയ്ഖ് മുഹമ്മദ്!

Leave a Reply

Your email address will not be published. Required fields are marked *