ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 28-ന് ആരംഭിക്കും

ഈ വർഷത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 2023 ഒക്ടോബർ 28, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പ് 2023 ഒക്ടോബർ 28 മുതൽ നവംബർ 26, ഞായറാഴ്ച വരെയാണ് സംഘടിപ്പിക്കുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടത്തുന്നത്.

ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്‌നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി, പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കുമായി ദുബായ് റൺ, ദുബായ് റൈഡ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഫിറ്റ്നസ് ഇവന്റുകൾ ദുബായ് നഗരത്തിൽ എല്ലാ വർഷവും സൗജന്യമായി നടത്തിവരുന്നു. https://www.dubaifitnesschallenge.com/ എന്ന വിലാസത്തിൽ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് ഇത്തവണ 2023 നവംബർ 12-നാണ് സംഘടിപ്പിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റൺ 2023 നവംബർ 26-ന് സംഘടിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *