ദുബായിൽ രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറിൽ

ദുബൈ എമിറേറ്റിലെ റോഡുകളിൽ ടോൾ പിരിക്കുന്നതിന് രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറോടെ സ്ഥാപിക്കും. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ സ്ഥാപിക്കുക. ഈ വർഷം ജനുവരിയിൽ പുതിയ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ടോൾ ഗേറ്റ് ഓപറേറ്റർ കമ്പനിയായ ‘സാലിക്’ വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ ട്രാഫിക് സംബന്ധിച്ച റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ‘സാലിക്’ തീരുമാനമെടുത്തത്.

നഗരത്തിലെ പ്രധാന പാതകളിലെ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ ആർ.ടി.എ ‘സാലികി’നെ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. പുതിയ ഗേറ്റുകൾ വരുന്നതോടെ പ്രധാന റൂട്ടുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ചിലത് ബദൽ റൂട്ടുകൾ ഉപയോഗിക്കുകയും, ഇതുവഴി റോഡിൽ തിരക്ക് കുറയുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പുതിയ ഗേറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ എമിറേറ്റിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആകും. അൽ ബർഷ, അൽ ഗർഹൂദ്, ആൽ മക്തൂം ബ്രിഡ്ജ്, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ ഗേറ്റുകളുള്ളത്.

ഓരോ തവണയും വാഹനം സാലിക് ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ വാഹന ഉടമയുടെ പ്രീപെയ്ഡ് ടോൾ അക്കൗണ്ടിൽ നിന്ന് നാല് ദിർഹമാണ് ടോൾ ഫീസ് ഈടാക്കുക. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ വഴി വാഹനത്തിലെ സാലിക് സ്റ്റിക്കർ ടാഗ് സ്‌കാൻ ചെയ്താണ് നിരക്ക് ഈടാക്കുന്നത്. അൽ മംസാർ നോർത്ത്, സൗത്ത് എന്നിവക്ക് സമാനമായി, വരാനിരിക്കുന്ന അൽ സഫ സൗത്ത് നിലവിലുള്ള അൽ സഫ ഗേറ്റുമായി (അൽ സഫ നോർത്ത്) ബന്ധിപ്പിക്കുമെന്നും വാഹനം ഒരു മണിക്കൂറിനുള്ളിൽ ഒരേ ദിശയിൽ രണ്ട് ഗേറ്റുകൾ കടന്നാൽ ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂവെന്നും ‘സാലിക്’ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *