ദുബൈ എമിറേറ്റിൽ മഴവെള്ളം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ശക്തമായ ഓവുചാൽ ശൃംഖല വികസിപ്പിക്കുന്നതിനായി 3000 കോടി ദിർഹമിന്റെ സമഗ്ര പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ‘തസ്രീഫ്’ എന്ന് പേരിട്ട പദ്ധതി എമിറേറ്റിലെ ഓവുചാലുകളുടെ ശേഷി 700 ശതമാനം വർധിപ്പിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്. കൂടാതെ ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാനുള്ള ശേഷിയും വർധിക്കും. മഴവെള്ളം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഓവുചാൽ പദ്ധതിയായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം കൈകാര്യം ചെയ്യാവുന്ന രീതിയിൽ എമിറേറ്റിലെ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സെക്കൻഡിൽ 230 ദശലക്ഷം ക്യുബിക് മീറ്റർ ജലം ഒഴുകിപ്പോകാനുള്ള ശേഷിയാണ് പദ്ധതി പൂർത്തീകരിക്കുന്നതോടെ ഓവുചാലുകൾക്ക് കൈവരുന്നത്. അടുത്ത 100 വർഷത്തേക്ക് നഗരത്തിന് സഹായകമാവുന്ന രീതിയിലായിരിക്കും ഓവുചാലുകളുടെ നിർമാണം. 2033ഓടെ ഘട്ടം ഘട്ടമായി നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ തുടർ നടപടികൾ അടിയന്തരമായി പ്രഖ്യാപിക്കാനും ശൈഖ് മുഹമ്മദ് ഉത്തരവിട്ടു.
സമീപകാലത്ത് കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ ശക്തമായ മഴയിൽ യു.എ.ഇയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കമുൾപ്പടെയുള്ള പ്രതിസന്ധി നേരിട്ടിരുന്നു. മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയിൽ മെട്രോ സർവിസുകൾ ഉൾപ്പെടെ തടസ്സപ്പെടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഭാവിയിൽ ഇത്തരം വെല്ലുവിളികളെ നേരിടാനായി ശക്തമായ ഡ്രൈനേജ് സംവിധാനം നിർമിക്കാൻ തീരുമാനിച്ചത്. എമിറേറ്റിൽ ജീവിക്കുന്ന മുഴുവൻ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനായി നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന നടപടികൾ തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചു.