ദുബായിൽ പരിസ്ഥിതിക്ക് കരുത്താകാൻ ഇലക്ട്രിക് ബസുകൾ വരുന്നു

ദുബൈയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള നയത്തിൻറെ ഭാഗമായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നു. നഗരത്തിലെ നാലു പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി പൂർണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ആകെ 40 ഇലക്ട്രിക് ബസുകളാണ് ഇതിനായി വാങ്ങുന്നത്. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജിയുടെ ഭാഗമായി 2050ഓടെ മുഴുവൻ ബസുകളും പരിസ്ഥിതി സൗഹൃദമാക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്നും പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹ്‌മദ് ബെഹ്‌റോസിയാൻ പറഞ്ഞു.ഇതിൻറെ ഭാഗമായി ആവശ്യമായ ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്‌വ, അൽ ജാഫിലിയ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് ബസുകൾ ഇറക്കുന്നത്. ഇലക്ട്രിക് ബസ് ഓപറേഷന് അനുയോജ്യമായ സ്ഥലങ്ങളെന്ന നിലയിലാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.

ഷെൽട്ടർ സ്റ്റേഷനുകളിലോ റൂട്ടുകളിലോ ആവശ്യമായ ചാർജിങ് സൗകര്യങ്ങളുടെ ലഭ്യതയും പരിഗണിച്ചിട്ടുണ്ട്. ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് ബസുകളുടെ വില പരമ്പരാഗത ഡീസൽ ബസുകളേക്കാൾ കൂടുതലാണെങ്കിലും യാത്രാനിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പരമ്പരാഗത ബസുകളിലെ അത്രതന്നെ യാത്രക്കാർക്ക് ഇതിൽ സൗകര്യമുണ്ടാകും. 35പേർക്ക് ഇരിക്കാനും അത്രതന്നെ പേർക്ക് നിൽക്കാനുമാണ് സൗകര്യമുണ്ടാവുക. നിരത്തിലിറക്കുന്നതിന് മുന്നോടിയായി നിരവധി തവണ പരീക്ഷണ ഓട്ടങ്ങൾ ഇലക്ട്രിക് ബസുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും പുതിയ ബസുകളിൽ ഡ്രൈവർ ബിഹേവിയർ മോണിറ്ററിങ് സിസ്റ്റം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ മാസം ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. യാത്രാനിരക്ക് നൽകാതെ പോകുന്നത് തടയാൻ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ്(എ.പി.സി) സംവിധാനവും സ്ഥാപിക്കും. യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി ലഭിച്ച യാത്രാ നിരക്കുമായി തട്ടിച്ചുകൊണ്ടാണ് സിസ്റ്റം പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *