ദിലീപിന്റെ അപരനും,ഏറ്റവും കുറഞ്ഞ സമയമായ 10 മിനിറ്റിൽ 151 കലാകാരന്മാരെ അവതരിപ്പിച്ച കലാകാരൻ , എന്ന നിലയിലും ശ്രദ്ധേയനായ കലാഭവൻ സുധി വൺമാൻ ഷോയുമായി യുഎഇയിൽ.
അജ്നമാനിൽ നടന്ന ഓണമേളം സ്റ്റേജ് ഷോയിൽ പാട്ട്, കോമഡി ഗെയിം ഷോ, സ്പോട്ട് ഡബ് എന്നിങ്ങനെ എല്ലാ മേഖലയിലും കൈവച്ചുകൊണ്ട് വൺമാൻ ഷോ കൊണ്ട് കാണികളെ കയ്യിലെടുത്ത കലാഭവൻ സുധിയുടെ പ്രകടനം കയ്യടികൾ നേടി. വിവിധ സംഘടനകളുടെ അഭ്യർഥന പ്രകാരം സുധി ഈ മാസം 25 വരെ ദുബായിലുണ്ടാകും.
യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലടക്കം സുധി ഈ പരിപാടികൾ സ്ഥിരമായി ചെയ്യാറുണ്ട്.വിവിധ താരങ്ങളുടെ പാട്ടുകൾ കോർത്തിണക്കിയ സ്പോട് സിങ്ങിങ് എന്ന പരിപാടിയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. കാണികൾ നിർദേശിക്കുന്ന താരങ്ങളെ അപ്പോൾ തന്നെ അവതരിപ്പിച്ചും പാട്ടുകൾ പടിയുമാണ് സുധി ജനഹൃദയങ്ങൾ കീഴടക്കുന്നത്.
ദിലീപിന്റെ മുഖഭാവമുള്ള സുധി ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് 2002ൽ അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തിൽ രജനീകാന്തിന്റെ ഡ്യൂപ്പായാണ്.
2003ൽ ഡ്യൂപ് ഡ്യൂപ് ഡ്യൂപ് എന്ന ചിത്രത്തിൽ ദിലീപിന്റെ അപരനായും ട്രാഫിക്, ജനപ്രിയൻ, കോളജ് കുമാരൻ എന്ന ചിത്രങ്ങളിലും അഭിനയിച്ചു.നിലവിൽ ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ അഭിനയിച്ചുവരികയാണ്.