ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തു

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഡെൽമ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം കെട്ടിടം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ചതാണ്. ഈ പ്രദേശത്ത് നിവസിച്ചിരുന്ന പവിഴ വ്യാപാരി മുഹമ്മദ് ബിൻ ജാസിം അൽ മുറൈഖിയുടെ ഭവനമായിരുന്നു ഈ കെട്ടിടം. ഇവിടെ നിന്നാണ് അദ്ദേഹം തന്റെ വാണിജ്യപ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

ഈ മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് മുന്നിൽ അബുദാബിയുടെ ചരിത്രത്തിലേക്കുള്ള ഒരു കിളിവാതിൽ തുറക്കുന്നതാണ്. ഈ വീട്ടിലുണ്ടായിരുന്ന വിവിധ വസ്തുകളിലൂടെ ഒരു നൂറ്റാണ്ട് മുൻപ് ഈ ദ്വീപിൽ നിലനിന്നിരുന്ന ദൈനംദിന ജീവിതരീതികൾ, പവിഴവ്യാപാരം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ സന്ദർശകർക്ക് ലഭിക്കുന്നതാണ്.

അബുദാബിയുടെ തീരദേശ മേഖലയിൽ ഒരു നൂറ്റാണ്ട് മുൻപ് നിലനിന്നിരുന്ന കെട്ടിട നിർമ്മാണ രീതി, ഇവിടുത്തെ സ്വീകരണമുറി, സ്വീകരണമുറിയിലേക്ക് ശുദ്ധവായു ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക സംവിധാനം, ഈന്തപ്പഴത്തിന്റെ ചാറ് പിഴിഞ്ഞെടുക്കുന്നതിനുള്ള ഉപകരണങ്ങൾ മുതലായവയും ഇവിടെ എത്തുന്ന സന്ദർശകർക്ക് കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *