ഷാർജ : ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ ലോകത്ത് പുതു തലമുറയിലെ വിദഗ്ദ്ധന്മാരെ നിയമിക്കണമെന്ന അവശ്യവുമായി ദുബൈ പൊലീസ് ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാനി ഖൽഫാൻ തമീം.
കാലം വളരുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ സ്വഭാവ രീതിയും മാറി. സൈബർ ലോകത്താണ് ഇന്ന് ഏറ്റവും വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നത്.
ഷാർജയിൽ നടന്ന പൊലീസ് ഉച്ചകോടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇതിനായി പുതുതലമുറയിലെ വിദഗ്ധരെ റിക്രൂട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങൾ വലിയ അളവിൽ ഡിജിറ്റൽ മേഖലയിലേക്ക് മാറിയിരിക്കയാണ്. തീവ്രവാദികൾക്ക് ഇനി സ്ഫോടക വസ്തുക്കൾ ആവശ്യമായി വരില്ല. പകരം വിവര സംവിധാനങ്ങളെ നശിപ്പിക്കാനും പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനും ഇ-ബോംബുകൾ ഉപയോഗിക്കും.
കുറ്റകൃത്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നത് ഡിജിറ്റൽ ലോകം മാറ്റിമറിച്ചു കഴിഞ്ഞു. സാങ്കേതിക ശാസ്ത്രജ്ഞരുടെയും ക്രൈം വിദഗ്ധരുടെയും അഭിപ്രായത്തിൽ ഹാക്ക് ചെയ്യാൻ കഴിയാത്ത ഒരു സംവിധാനവുമില്ല. അതിനാൽ സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തെളിവുകൾ അവതരിപ്പിക്കാനും ക്രൈം സംഭവിക്കുന്നതിന് മുമ്പ് തടയാനും കഴിവുള്ള ഒരു തലമുറയെ നാം തയാറാക്കൽ അനിവാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.