ചെറുകിട, ഇടത്തരം സംരംഭകർ അണിനിരക്കുന്ന കമ്യൂണിറ്റി മാർക്കറ്റ് അബുദാബി കോർണിഷ് ബീച്ചിൽ ആരംഭിച്ചു. അവശ്യ വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതോടൊപ്പം കലാകായിക വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. വനിതകൾ ഉൾപ്പെടെ പ്രാദേശിക കർഷകരുടെയും സംരംഭകരുടെയും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താം.
നഗരത്തിലെ താമസക്കാർക്കും സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകും. മാർക്കറ്റ് 22 വരെ നീളും. ഇതോടനുബന്ധിച്ച് സൗജന്യ ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. കായികക്ഷമത നിലനിർത്താനുള്ള വ്യായാമ മുറകളും പരിശീലിപ്പിക്കും. കുട്ടികൾക്കായി ചിത്ര രചന, കളറിങ്, കഥ പറച്ചിൽ, വിനോദ മത്സരങ്ങൾ, സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, ഫാഷൻ ഷോ എന്നിവയുണ്ടാകും.
വാദ്യമേള, കുതിര സവാരി, പഴയ കാറുകളുടെ പ്രദർശനം, പൊലീസ് നായകളുടെ ഷോ, പുരാവസ്തുക്കളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം എന്നിവയുമുണ്ട്. കളിമൺ പാത്ര നിർമാണം, കരകൗശല വസ്തുക്കൾ, വസ്ത്രാലങ്കാരം, മെഴുകുതിരി നിർമാണം തുടങ്ങിയ ശിൽപശാലകളും ഉണ്ടായിരിക്കും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരുടെ കലാപരിപാടികളാണ് മറ്റൊരു പ്രത്യേകത.